‘സമാധാനത്തിനായി ഇന്ത്യ യാചിച്ചു; 4 ദിവസത്തെ യുദ്ധത്തിൽ നമ്മൾ വിജയിച്ചു’; നുണക്കഥനിറച്ച് പാകിസ്ഥാന്റെ സ്കൂൾ പാഠപുസ്തകം| India Pleaded for Peace pakistan Won the 4-Day War pak School Textbooks Filled with False Narratives | World
Last Updated:
ഇന്ത്യയുടെ കനത്ത ആക്രമണങ്ങളുടെയും തകർന്ന വ്യോമതാവളങ്ങളുടെയും തെളിവുകളുണ്ടായിട്ടും, 2025 മെയ് മാസത്തിലെ ഇന്ത്യയുമായുള്ള പോരാട്ടത്തിൽ തങ്ങളാണ് വിജയിച്ചതെന്ന നുണക്കഥ കുത്തിനിറച്ച് പാകിസ്ഥാനിലെ സ്കൂൾ പാഠപുസ്തകങ്ങൾ
ന്യൂഡൽഹി: ഇന്ത്യയുമായുള്ള പോരാട്ടത്തിൽ ‘വിജയം നേടി’ എന്നതടക്കമുള്ള നുണക്കഥ കുത്തിനിറച്ച് പാകിസ്ഥാനിലെ സ്കൂൾ പാഠപുസ്തകങ്ങൾ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ഇന്ത്യൻ സൈന്യം നിലംതൊടാൻ അനുവദിക്കാതെ തകർക്കുകയായിരുന്നു. ഈ വസ്തുതകൾ മറച്ചുവെച്ചാണ് ഇല്ലാക്കഥകൾ കുട്ടികൾക്ക് പഠിക്കാനുള്ള പാഠപുസ്തകങ്ങളിൽ അച്ചടിച്ചുവച്ചിരിക്കുന്നത്.
കശ്മീരിലെ പഹൽഗാമിൽ നടന്ന കൂട്ടക്കൊലയിൽ പാകിസ്ഥാന് പങ്കുണ്ടെന്ന ‘തെറ്റായ ആരോപണങ്ങൾ’ ഉന്നയിച്ച ശേഷം, 2025 മെയ് 6-ന് ഇന്ത്യ പ്രകോപനമില്ലാതെ പാകിസ്ഥാനെ ആക്രമിച്ചു എന്നാണ് പുതുക്കിയ പാഠപുസ്തകങ്ങളിൽ പറയുന്നത്. എന്നാൽ സത്യം മറിച്ചാണ്. പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ പഹൽഗാമിലെ 26 സാധാരണക്കാരെ കൊലപ്പെടുത്തി. ഇതേത്തുടർന്നാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ലഷ്കർ-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകരസംഘടനകളുടെ 9 ഒളിത്താവളങ്ങളിൽ കൃത്യമായ ആക്രമണം നടത്തുകയായിരുന്നു. സാധാരണക്കാർ താമസിക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
എന്നാൽ പാക് സൈന്യം ഉത്തരവാദിത്തത്തോടെയാണ് പ്രതികരിച്ചതെന്നും ഇന്ത്യൻ സൈനിക പോസ്റ്റുകളെ മാത്രം ലക്ഷ്യമിട്ടാണ് ആക്രമിച്ചതെന്നും പാഠപുസ്തകങ്ങൾ തുടർന്ന് അവകാശപ്പെടുന്നു. എന്നാൽ യാഥാർത്ഥ്യത്തിൽ, ഇസ്ലാമാബാദ് അമൃത്സർ, ജമ്മു, ശ്രീനഗർ, കൂടാതെ മറ്റ് രണ്ട് ഡസനിലധികം പ്രദേശങ്ങളിലേക്കും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി. ഇതിൽ പലതും സാധാരണക്കാർ താമസിക്കുന്ന സ്ഥലങ്ങളായിരുന്നു. ഇതിന് മറുപടിയായി ഇന്ത്യ ലാഹോറിലെ പാകിസ്ഥാന്റെ എച്ച് ക്യു-9 വ്യോമ പ്രതിരോധ സംവിധാനം തകർക്കുകയും സിയാൽകോട്ടിലും ഇസ്ലാമാബാദിന്റെ ഉൾപ്രദേശങ്ങളിലും ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു.
പാകിസ്ഥാന്റെ “ഓപ്പറേഷൻ ബുന്യാൻ-ഉം-മർസൂസ്” 26 ഇന്ത്യൻ വ്യോമതാവളങ്ങൾ നശിപ്പിച്ചുവെന്ന കെട്ടുകഥയും പാഠപുസ്തകങ്ങളിൽ പറയുന്നു. എന്നാൽ ഓപ്പൺ-സോഴ്സ് ഇന്റലിജൻസ്, ഉപഗ്രഹ ചിത്രങ്ങൾ, ഇന്ത്യൻ പ്രതിരോധ റിപ്പോർട്ടുകൾ എന്നിവ പറയുന്നത് മറ്റൊരു കഥയാണ്. ഇന്ത്യ നടത്തിയ കൃത്യമായ ആക്രമണങ്ങളിൽ മുറിദ്, നൂർ ഖാൻ, റഫീഖി, സർഗോദ, ചക്ലാല, റഹീം യാർ ഖാൻ എന്നിവിടങ്ങളിലെ പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങൾ തകർന്നു. റഹീം യാർ ഖാൻ താവളം ഇപ്പോഴും അടഞ്ഞുകിടക്കുന്നത് നാശനഷ്ടങ്ങളുടെ വ്യാപ്തി സൂചിപ്പിക്കുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, യാതൊരു കേടുപാടുകളുമില്ലാത്ത മിഗ്-29, പൂർണമായും പ്രവർത്തനക്ഷമമായ S-400 സംവിധാനം എന്നിവയോടൊപ്പം ആദംപൂരിൽ നിൽക്കുന്ന ചിത്രങ്ങൾ പാകിസ്ഥാന്റെ അവകാശവാദങ്ങൾ കെട്ടുകഥയാണെന്ന് തെളിയിക്കുന്നു.
‘കനത്ത നഷ്ടങ്ങൾക്ക്’ ശേഷം ഇന്ത്യ സമാധാനത്തിനായി അപേക്ഷിച്ചുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർബന്ധത്തിന് വഴങ്ങി പാകിസ്ഥാൻ ഔദാര്യപൂർവ്വം സമ്മതിച്ചുവെന്നും പാഠപുസ്തകത്തിൽ എഴുതി വച്ചിട്ടുണ്ട്. എന്നാൽ യാഥാർത്ഥ്യത്തിൽ, പാകിസ്ഥാൻ പോരാട്ടം അവസാനിപ്പിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഒടുവിൽ ഇന്ത്യൻ, പാകിസ്ഥാൻ ഡിജിഎംഒകൾ നേരിട്ടാണ് വെടിനിർത്തൽ ധാരണയിലെത്തിയത്. സമാധാനം കൊണ്ടുവന്നത് താനാണെന്ന് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടുവെങ്കിലും വാഷിംഗ്ടണിന് ഔദ്യോഗികമായി ഒരു പങ്കുമുണ്ടായിരുന്നില്ല.
New Delhi,New Delhi,Delhi
September 24, 2025 6:06 PM IST
‘സമാധാനത്തിനായി ഇന്ത്യ യാചിച്ചു; 4 ദിവസത്തെ യുദ്ധത്തിൽ നമ്മൾ വിജയിച്ചു’; നുണക്കഥനിറച്ച് പാകിസ്ഥാന്റെ സ്കൂൾ പാഠപുസ്തകം
