ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥന്‍ ചൈനീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് യുഎസില്‍ അറസ്റ്റില്‍ | Indian-Origin strategic expert Ashley Tellis arrested in US over china links | World
Last Updated:
ഇന്ത്യ പലപ്പോഴും അമേരിക്കയുമായി വിരുദ്ധമായ നയങ്ങള്‍ പിന്തുടരുന്നുണ്ടെന്ന് ഇദ്ദേഹം വിദേശകാര്യ മാസികയിലെ ഒരു ലേഖനത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്
ഇന്ത്യന്‍ വംശജനായ നയതന്ത്ര ഉദ്യോഗസ്ഥന്‍ ആഷ്‌ലി ടെല്ലിസ് യുഎസില്‍ അറസ്റ്റില്‍. അമേരിക്കയുടെ ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ അനധികൃതമായി കൈവശം വെച്ചതിനും ചൈനീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനുമാണ് അറസറ്റ്.
64-കാരനായ ആഷ്‌ലി ടെല്ലിസിനെതിരെ ദേശീയ പ്രതിരോധ വിവരങ്ങള്‍ നിയമവിരുദ്ധമായി സൂക്ഷിച്ചതിന് ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് യുഎസ് അറ്റോര്‍ണി ലിന്‍ഡ്‌സന്‍ ഹാലിഗന്‍ ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന കുറ്റകൃത്യങ്ങളാണ് ടെല്ലിസ് നടത്തിയതെന്നും വിദേശ, ആഭ്യന്തര ഭീഷണികളില്‍ നിന്നും അമേരിക്കയെ സംരക്ഷിക്കുന്നതിലാണ് തങ്ങള്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഹാലിഗന്‍ പറഞ്ഞു.
ഒക്ടോബര്‍ 11-ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങള്‍ തെളിഞ്ഞാല്‍ കേസില്‍ ടെല്ലിസിന് പരമാവധി പത്ത് വര്‍ഷം വരെ തടവും 2,50,000 ഡോളര്‍ വരെ പിഴയും ലഭിക്കും. ഇതിനുപുറമേ 100 ഡോളറിന്റെ പ്രത്യേക അസസ്‌മെന്റും ഉണ്ടാകും. രേഖകള്‍ കണ്ടുകെട്ടുകയും ചെയ്യുമെന്ന് ഹാലിഗന്‍ അറിയിച്ചിട്ടുണ്ട്.
ഫെഡറല്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ സാധാരണയായി പരമാവധി ശിക്ഷകളേക്കാള്‍ കുറവാണ്. യുഎസ് ശിക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മറ്റ് നിയമപരമായ ഘടകങ്ങളും പരിഗണിച്ച ശേഷം ഒരു ഫെഡറല്‍ ജില്ലാ ജഡ്ജി ശിക്ഷ നിര്‍ണയിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
രണ്ട് പതിറ്റാണ്ടിലേറെയായി യുഎസ് സര്‍ക്കാരില്‍ ഉപദേഷ്ടാവായും അല്ലാതെയും വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ആഷ്‌ലി ടെല്ലിസ്. ദോശീയ പ്രതിരോധവുമായി ബന്ധപ്പെട്ട ആയിരം പേജിലധികം വരുന്ന രഹസ്യ രേഖകള്‍ ടെല്ലിസ് തന്റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചതായി കോടതിയിൽ സമർപ്പിച്ച ക്രിമിനല്‍ സത്യവാങ്മൂലത്തെ ഉദ്ധരിച്ചുകൊണ്ട് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന ടെല്ലിസ് സെപ്റ്റംബര്‍ 25-ന് യുഎസ് വ്യോമസേനയുടെ സാങ്കേതികവിദ്യകളെ കുറിച്ചുള്ള രഹസ്യ രേഖ വകുപ്പില്‍ നിന്ന് പ്രിന്റെടുത്ത് കടത്തിയതായാണ് ആരോപണം. വിര്‍ജീനിയയിലെ ഫെയര്‍ഫാക്‌സിലുള്ള ഒരു റെസ്റ്റോറന്റില്‍ വെച്ച് ടെല്ലിസ് ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി പലതവണ കൂടിക്കാഴ്ച നടത്തിയതായും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
പിന്നീട് ഒരു അത്താഴവിരുന്നില്‍ ടെല്ലിസ് ഒരു കവറുമായി പോയതായും അദ്ദേഹം തിരികെവരുമ്പോള്‍ അത് കൊണ്ടുവന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചൈനീസ് ഉദ്യോഗസ്ഥര്‍ ടെല്ലിസിന് സമ്മാനപൊതികള്‍ നല്‍കിയതായും കണ്ടെത്തി.
ഇന്ത്യന്‍ വംശജനായ ആഷ്‌ലി ടെല്ലിസ് യുഎസ് പൗരനാണ്. കാര്‍നെഗീ എന്‍ഡോമെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസിലെ സീനിയര്‍ ഫെലോയും ആണ് അദ്ദേഹം. ഏഷ്യയിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും പ്രത്യേക ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള യുഎസ് വിദേശ, പ്രതിരോധ നയത്തിലും അന്താരാഷ്ട്ര സുരക്ഷയിലും കേന്ദ്രീകരിച്ചാണ് ടെല്ലിസ് പ്രവര്‍ത്തിച്ചിരുന്നത്.
യുഎസ് വിദേശകാര്യ സര്‍വീസിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. യുഎസ് എംബസിയുടെ ഡല്‍ഹിയിലെ മുതിര്‍ന്ന ഉപദേഷ്ടാവായും സേവനമനുഷ്ടിച്ചു. യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ കീഴില്‍ വിവിധ സ്ഥാനങ്ങളില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യയുമായുള്ള സിവില്‍ ആണവ കരാറിലും അദ്ദേഹം സഹായിച്ചിരുന്നു.
ഇന്ത്യയുമായുള്ള യുഎസ് ബന്ധത്തെ കുറിച്ച് ചില തുറന്നുപറച്ചിലുകളും ടെല്ലിസ് നടത്തിയിരുന്നു. ഇന്ത്യ പലപ്പോഴും അമേരിക്കയുമായി വിരുദ്ധമായ നയങ്ങള്‍ പിന്തുടരുന്നുണ്ടെന്ന് ടെല്ലിസ് വിദേശകാര്യ മാസികയിലെ ഒരു ലേഖനത്തില്‍ അഭിപ്രായപ്പെട്ടു. റഷ്യയുമായും ഇറാനുമായുമുള്ള ഇന്ത്യയുടെ ബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ എപ്പോള്‍ വേണമെങ്കിലും ചൈനയുമായി പൊരുത്തപ്പെടുമെന്നും അദ്ദേഹം സംശയം പറഞ്ഞു.
October 15, 2025 11:57 AM IST
ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥന്‍ ചൈനീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് യുഎസില്‍ അറസ്റ്റില്‍
