‘ബന്ദികളെല്ലാവരും തിരികെ എത്തി’; എട്ട് മാസത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ് | Donald Trump says in israel he ended 8 wars in 8 months | World
Last Updated:
ഗാസയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കിയും ഹമാസ് ബന്ദികളെ മോചിപ്പിക്കാനുമായി തയ്യാറാക്കിയ കരാറിനെ ട്രംപ് വലിയ വിജയമെന്നാണ് വിശേഷിപ്പിച്ചത്
എട്ട് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. ഗാസ യുദ്ധം അവസാനിപ്പിച്ച ശേഷം തിങ്കളാഴ്ച ഇസ്രയേല്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാസ യുദ്ധത്തില്‍ മധ്യസ്ഥത വഹിച്ച് താന്‍ തയ്യാറാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ”ഒരു പുതിയ മിഡില്‍ ഈസ്റ്റിന്റെ ചരിത്രപരമായ പ്രഭാതം” അടയാളപ്പെടുത്തിയതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
”വര്‍ഷങ്ങളോളം നീണ്ടുനിന്ന നിരന്തരമായ യുദ്ധത്തിന് ശേഷം ഇന്ന് ആകാശം ശാന്തമാണ്. തോക്കുകള്‍ നിശബ്ദമാണ്. സൈറണുകള്‍ നിശ്ചലമാണ്. ഒടുവില്‍ സമാധാനം പുലരുന്ന ഒരു പുണ്യഭൂമിയില്‍ സൂര്യന്‍ ഉദിച്ചിരിക്കുന്നു. ദൈവം അനുവദിച്ചാല്‍ എന്നെന്നേക്കുമായി സമാധാനത്തോടെ ജീവിക്കുന്ന ഒരു ദേശവും പ്രദേശവുമായി ഇത് മാറും,” ട്രംപ് പറഞ്ഞു. ”ഇത് ഒരു യുദ്ധത്തിന്റെ അവസാനം മാത്രമല്ല, ഇത് ഒരു പുതിയ മിഡില്‍ ഈസ്റ്റിലെ ചരിത്രപരമായ പ്രഭാതം കൂടിയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപ് തിങ്കളാഴ്ച ഇസ്രയേല്‍ സന്ദര്‍ശിക്കുകയും ഇസ്രയേൽ പാർലമെന്റായ നെസ്സെറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, നെസ്സെറ്റ് സ്പീക്കര്‍ അമീര്‍ ഒഹാന, പ്രതിപക്ഷ നേതാവ് യെര്‍ ലാപിഡ് എന്നിവരും പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഗാസയിലെ പോരാട്ടം അവസാനിപ്പിക്കാനും ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കാനും സഹായിച്ച കരാറിനെ ട്രംപ് പ്രശംസിച്ചു. കൂടാതെ അറബ്, മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള മധ്യസ്ഥര്‍ക്ക് അദ്ദേഹം പ്രത്യേകം നന്ദി പറയുകയും ചെയ്തു.
”ബന്ദികളെ മോചിപ്പിക്കാനും അവരെ നാട്ടിലേക്ക് അയയ്ക്കാനും ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഒന്നിച്ചുനിന്ന അറബ്, മുസ്ലീം ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും എന്റെ അഗാധമായ നന്ദി അറിയിക്കുന്നു,” ഇസ്രയേല്‍ പാര്‍മെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
”ഞങ്ങള്‍ക്ക് ധാരാളം സഹായം ലഭിച്ചു. നിങ്ങള്‍ ഒരിക്കലും കരുതാത്ത നിരവധി ആളുകളില്‍ നിന്ന് ഞങ്ങള്‍ക്ക് ധാരാളം സഹായം ലഭിച്ചു. അതിന് ഞാന്‍ അവരോട് വളരയധികം നന്ദി പറയാന്‍ ആഗ്രഹിക്കുന്നു,” ട്രംപ് പറഞ്ഞു.
ഗാസയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കിയും ഹമാസ് ബന്ദികളെ മോചിപ്പിക്കാനുമായി തയ്യാറാക്കിയ കരാറിനെ ട്രംപ് വലിയ വിജയമെന്നാണ് വിശേഷിപ്പിച്ചത്.
ഇസ്രയേലികള്‍ക്കും പലസ്തീനികള്‍ക്കും ഇടയില്‍ നിലനിന്ന ദൈര്‍ഘമേറിയതും വേദനാജനകവുമായ പേടി സ്വപ്‌നം ഒടുവില്‍ അവസാനിച്ചതായും ട്രംപ് പറഞ്ഞു.
October 13, 2025 9:04 PM IST
‘ബന്ദികളെല്ലാവരും തിരികെ എത്തി’; എട്ട് മാസത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ്
