Leading News Portal in Kerala

ഗാസയില്‍ ബന്ദി മോചനം തുടങ്ങി; ഹമാസ് ആദ്യം കൈമാറിയത് ഏഴുപേരെ; മോചനം മൂന്ന് ഘട്ടങ്ങളായി| First Group of Seven Hostages Released by Hamas in Gaza Three-Phase Deal Kicks Off | World


Last Updated:

മോചിതരായവരെ റെഡ് ക്രോസ് ഉടൻ ഇസ്രയേൽ സൈന്യത്തിന് കൈമാറും. അതേസമയം മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നത് വൈകിയേക്കും

(IMAGE: REUTERS)(IMAGE: REUTERS)
(IMAGE: REUTERS)

ഗാസയിൽ 737 ദിവസങ്ങളായി ബന്ദികളാക്കിയ ഇസ്രയേലി തടവുകാരെ ഹമാസ് മോചിപ്പിച്ചു തുടങ്ങി. മൂന്ന് ഘട്ടങ്ങളായാണ് ബന്ദികളെ കൈമാറുന്നത്. ആദ്യഘട്ടത്തിൽ 7 പേരെയാണ് വിട്ടയച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതിയുടെ ഭാഗമായാണ് തടവുകാരെ മോചിപ്പിച്ചത്.

ഖാൻ യൂനിസ്, നെറ്റ്സരീം എന്നിവടങ്ങിൽ വച്ച് റെ‍ഡ് ക്രോസ് അധികൃതർക്കാണ് ബന്ദികളെ കൈമാറുന്നത്. മോചിതരായവരെ റെഡ് ക്രോസ് ഉടൻ ഇസ്രയേൽ സൈന്യത്തിന് കൈമാറും. അതേസമയം മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നത് വൈകിയേക്കും. മോചിതരായ ഇസ്രയേലികളുടെ ബന്ധുക്കൾ ടെൽ അവീവിൽ എത്തിയിട്ടുണ്ട്.

മോചിപ്പിക്കപ്പെടുന്ന 20 ഇസ്രായേലി ബന്ദികളുടെ പേരുകൾ ഹമാസ് തിങ്കളാഴ്ച പുറത്തുവിട്ടു. ഇസ്രയേലി ബന്ദികളെ കൈമാറിയതോടെ ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 250 പലസ്തീൻ തടവുകാരെയും ഉടൻ കൈമാറും. വെടിനിർത്തൽ കരാറിന്റെ ഭാഗമായി 2000 പലസ്തീൻ തടവുകാരെയാണ് ഇസ്രായേൽ മോചിപ്പിക്കുക. 2023 ഒക്ടോബർ 7ന് ഹമാസ് അതിർത്തി കയറി നടത്തിയ ആക്രമണത്തിലാണ് ഇസ്രയേൽ പൗരൻമാരെ ബന്ദികളാക്കിയത്. തുടർന്ന് 737 ദിവസങ്ങൾ നീണ്ട തടവറ വാസത്തിന് ശേഷമാണ് ബന്ദിമോചനം സാധ്യമായത്. ട്രംപിന് പുറമെ ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളും ബന്ദിമോചനത്തിന് മധ്യസ്ഥത വഹിച്ചിരുന്നു.

ബന്ദികളെ സ്വീകരിക്കുന്നതിനും മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനും ഇസ്രായേലിന്റെ മുഴുവന്‍ ആരോഗ്യ സംവിധാനവും തയ്യാറായിട്ടുണ്ടെന്ന് ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു. ഇസ്രായേലും അവരുടെ ഭാഗം നിറവേറ്റുന്നിടത്തോളം കാലം വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.

Summary: Hamas has started releasing Israeli prisoners who were held hostage in Gaza for 737 days. The hostages are being handed over in three phases. In the first phase, seven people were released. The prisoners were freed as part of the Gaza peace plan announced by US President Donald Trump.