‘ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള വിവേകം നിങ്ങള്‍ക്കില്ല’; രാഹുല്‍ ഗാന്ധിയോട് യുഎസ് ഗായിക മേരി മില്‍ബെന്‍ | US Singer Slams Rahul Gandhi Over Remark Against PM Modi | World
Last Updated:
രാഹുല്‍ ഗാന്ധിയെ കൂടാതെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് യുഎസ് ഗായിക മേരി മില്‍ബെന്‍. മോദി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭയപ്പെടുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വാദത്തെ മില്‍ബെന്‍ ശക്തമായി നിഷേധിച്ചു.
ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള വിവേകം രാഹുല്‍ ഗാന്ധിക്കില്ലെന്നും നരേന്ദ്ര മോദിയെ പോലൊരു രാഷ്ട്രത്തലവനെ രാഹുല്‍ ഗാന്ധി മനസ്സിലാക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധി തന്റെ ‘ഐ ഹേറ്റ് ഇന്ത്യ’ പര്യടനത്തിലേക്ക് തന്നെ മടങ്ങുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രിക്ക് ട്രംപിനെ ഭയമാണെന്നും അതിനാല്‍ ഇന്ത്യ ഇനി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിച്ചതായും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. റഷ്യന്‍ എണ്ണ ഇനി വാങ്ങില്ലെന്ന് തന്റെ സുഹൃത്ത് മോദി ഉറപ്പുനല്‍കിയതായി ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രാധാനമന്ത്രിക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. അതേസമയം, ട്രംപിന്റെ വാദങ്ങളെ ഇന്ത്യ തള്ളി.
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങൾ തെറ്റാണെന്നും നരേന്ദ്രേ മോദി ട്രംപിനെ ഭയപ്പെടുന്നില്ലെന്നും മേരി മില്‍ബെന്‍ എക്സില്‍ എഴുതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ ഗെയിം മനസ്സിലാകുമെന്നും യുഎസുമായുള്ള അദ്ദേഹത്തിന്റെ നയതന്ത്രം തന്ത്രപരമാണെന്നും മില്‍ബെന്‍ വിശദമാക്കി. ട്രംപ് എപ്പോഴും അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നതുപോലെ മോദി ഇന്ത്യയ്ക്ക് എന്താണോ നല്ലത് അത് ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു.
“രാഷ്ട്രത്തലവന്മാര് ചെയ്യുന്നത് അതാണ്. അവര്‍ അവരുടെ രാജ്യത്തിന് നല്ലതെന്തോ അത് ചെയ്യുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള വിവേകം നിങ്ങള്‍ക്ക് ഇല്ലാത്തതിനാല്‍ ഇത്തരത്തിലുള്ള നേതൃത്വത്തെ നിങ്ങള്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. നിങ്ങളുടെ ‘ഐ ഹേറ്റ് ഇന്ത്യ’ പര്യടനത്തിലേക്ക് മടങ്ങുന്നതാണ് നല്ലതാണ്”, മില്‍ബെന്‍ തന്റെ പോസ്റ്റില്‍ പറഞ്ഞു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് നരേന്ദ്ര മോദി ഉറപ്പുനല്‍കിയെന്ന ട്രംപിന്റെ വാദത്തെ ഇന്ത്യ തള്ളിയിട്ടും അദ്ദേഹം അത് ആവര്‍ത്തിക്കുകയാണ്. ഉക്രൈന് അധിനിവേശത്തിനെതിരെ റഷ്യയ്ക്കുമേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വലിയ ചുവടുവയ്പ്പായാണ് അദ്ദേഹം ഈ നീക്കത്തെ വിശേഷിപ്പിച്ചത്.
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ അമേരിക്ക സുന്തുഷ്ടരല്ലെന്നും ഇത്തരം ഇടപാടുകള്‍ പുടിന്റെ യുദ്ധത്തിന് ധനസഹായമായെന്നും കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് ആരോപിച്ചു. ഇന്ത്യ ഇനി റഷ്യന്‍ എണ്ണ വാങ്ങില്ലെന്നും ചൈനയെ കൊണ്ടും ഇതേകാര്യം ഇനി ചെയ്യിക്കണമെന്നും ട്രംപ് പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ കൂടാതെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷന് സിന്ദൂര്‍ നിര്‍ത്തിവെച്ചെന്ന് ആദ്യം പ്രഖ്യാപിച്ചത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണെന്നും ഇന്ത്യ തന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ വിഷയത്തില്‍ പ്രവര്‍ത്തിച്ചതെന്ന് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടതായും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
October 18, 2025 3:45 PM IST
‘ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള വിവേകം നിങ്ങള്‍ക്കില്ല’; രാഹുല്‍ ഗാന്ധിയോട് യുഎസ് ഗായിക മേരി മില്‍ബെന്‍
