ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് ട്രംപിനോട് സെനറ്റ് അംഗങ്ങൾ; തീരുവ ഭീഷണിയാകുമെന്ന് മുന്നറിയിപ്പ് | US Lawmakers urge Trump to fix india ties warn tariffs threaten key partnership | World
തീരുവ യുഎസിന് തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പും കത്ത് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തുന്നത് അമേരിക്കന്‍ മാനുഫാക്ച്ചറേഴ്സിനെ ദോഷകരമായി ബാധിക്കുകയും വിതരണ ശൃംഖലകളെ തടസപ്പെടുത്തുകയും ചെയ്യുമെന്ന് സെനറ്റ് അംഗങ്ങള്‍ കത്തില്‍ മുന്നറിയിപ്പ് നല്കി.
യുഎസ് ഭരണകൂടത്തിന്റെ സമീപകാല നടപടികള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായുള്ള ബന്ധം വഷളാക്കിയെന്നും ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നെഗറ്റീവ് പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുവെന്നും കത്തില്‍ പറയുന്നു. ഈ നിര്‍ണായക പങ്കാളിത്തം പുനഃസ്ഥാപിക്കാനും മെച്ചപ്പെടുത്താനും ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയുമായി ശക്തമായ കുടുംബ, സാംസ്കാരിക, സാമ്പത്തിക ബന്ധം പുലര്‍ത്തുന്ന നിരവധി ഇന്തോ-അമേരിക്കന്‍ സമൂഹങ്ങളുള്ള ജില്ലകളെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ എന്ന നിലയില്‍ എഴുതുന്നു എന്ന് പറഞ്ഞാണ് കത്ത് തുടങ്ങിയത്. ഡെബോറ റോസ്, റോ ഖന്ന, ബ്രാഡ് ഷെര്മാന്, സിഡ്നി കാംലാഗര്‍ ഡോവ്, രാജ കൃഷ്ണമൂര്‍ത്തി, പ്രമീള ജയപാല്‍ എന്നിവരുള്‍പ്പെടെയുള്ള നിരവധി ഡെമോക്രാറ്റിക് നേതാക്കള്‍ ഈ കത്തില്‍ ഒപ്പുവച്ചു. അതേസമയം, ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള അംഗങ്ങള്‍ ആരും ഇതില്‍ ഒപ്പുവെച്ചിട്ടില്ല.
ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ നയം അമേരിക്കയില്‍ വിലക്കയറ്റത്തിന് കാരണമായതായും ഡെമോക്രാറ്റിക് നേതാക്കള്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ ഉപഭോക്താക്കളെയും ആഭ്യന്തര വ്യവസായങ്ങളെയും ഇത് ബാധിച്ചുവെന്നും അംഗങ്ങള്‍ പറഞ്ഞു.
50 ശതമാനം ഉയര്‍ന്ന തീരുവ ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കാന്‍ കാരണമാകുകയും വിതരണ ശൃംഖലകളെ തകര്‍ക്കുകയും ചെയ്തുവെന്നും അവര്‍ വ്യക്തമാക്കി. ‘സുപ്രധാനമായത്’ എന്നാണ് ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തെ അംഗങ്ങള്‍ കത്തില്‍ വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളിലും ലക്ഷകണക്കിന് തൊഴിലവസരങ്ങളെ ഈ പങ്കാളിത്തം പിന്തുണയ്ക്കുന്നതായും കത്തില്‍ പറയുന്നുണ്ട്.
“സെമികണ്ടക്ടറുകള്‍ മുതല്‍ ആരോഗ്യ സംരക്ഷണം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലെ പ്രധാന ഉത്പന്നങ്ങള്‍ക്കായി അമേരിക്കയിലെ നിര്‍മിതോത്പാദന മേഖല ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ഉപഭോക്തൃ വിപണികളിലൊന്നിലേക്ക് പ്രവേശനം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ കോടികണക്കിന് ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇത് ഞങ്ങള്‍ പ്രതിനിധീകരിക്കുന്ന സമൂഹങ്ങളില്‍ പുതിയ തൊഴിലവസരങ്ങളും സാധ്യതകളും സൃഷ്ടിക്കാന്‍ സഹായിക്കുന്നു”, കത്തില്‍ അംഗങ്ങള്‍ എഴുതി.
ട്രംപിന്റെ വിവേചനരഹിതമായ തീരുവ വര്‍ദ്ധന ഈ ബന്ധങ്ങളെ അപകടത്തിലാക്കുന്നു. അമേരിക്കന്‍ കുടുംബങ്ങളുടെ ചെലവ് വര്‍ദ്ധിപ്പിക്കുന്നു. ആഗോള തലത്തില്‍ മത്സരിക്കാനുള്ള അമേരിക്കയുടെ കഴിവിനെ ദുര്‍ബലപ്പെടുത്തുന്നു. നൂതനമായ സഹകരണം ഇല്ലാതാക്കുന്നുവെന്നും കത്തില്‍ അവർ കൂട്ടിച്ചേര്‍ത്തു.
ഇത്തരം നടപടികള്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്കി. ഇത് റഷ്യയും ചൈനയുമായുള്ള നയതന്ത്രപരവും സാമ്പത്തികവുമായ ഇടപെടല്‍ വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചതായും അംഗങ്ങള്‍ കത്തില്‍ പറഞ്ഞു.
ദി ക്വാഡില്‍ പങ്കെടുക്കുന്നതിലൂടെ ഇന്തോ-പസഫിക്കില്‍ സ്ഥിരത കൈവരിക്കുന്ന ശക്തിയായി ഇന്ത്യ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇത് തികച്ചും ആശങ്കാജനകമാണ്. പ്രതിരോധ സഹകരണത്തിലുള്‍പ്പെടെ ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണെന്നും അവര്‍ തുടര്‍ന്നു.
അതുകൊണ്ടുതന്നെ ട്രംപ് തീരുവ നയം പുനഃപുരിശോധിക്കണമെന്നും ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച പുനരാരംഭിക്കണമെന്നും ഒരു ജനാധിപത്യ പങ്കാളിയായി ഇന്ത്യയെ കണാനുള്ള പ്രതിബദ്ധത വീണ്ടും സ്ഥിരീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നോട്ടുള്ള പാത ഏറ്റുമുട്ടലല്ല, പുനഃക്രമീകരണമാണെന്നും കത്തില്‍ പറയുന്നു. ചൈനയുടെ വളരുന്ന ദൃഢനിശ്ചയത്തിന് ഇന്ത്യ ഒരു പ്രതിവിധിയാണെന്നും കത്തില്‍ സെനറ്റ് അംഗങ്ങള്‍ വ്യക്തമാക്കുന്നു.
October 09, 2025 11:08 AM IST
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് ട്രംപിനോട് സെനറ്റ് അംഗങ്ങൾ; തീരുവ ഭീഷണിയാകുമെന്ന് മുന്നറിയിപ്പ്