Leading News Portal in Kerala

പാകിസ്താനിൽ തോക്കുധാരികളുടെ ആക്രമണം; മൂന്ന് സുരക്ഷാഭടന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് | Three security personnel lost life in gunmen attack of Pakistan | World


Last Updated:

തോക്കുധാരികളും സൈനികരും തമ്മിൽ 30 മിനിറ്റ് നീണ്ടുനിന്ന ശക്തമായ വെടിവയ്പ്പ് നടന്നു. രക്ഷപെട്ട അക്രമികളെ കണ്ടെത്താൻ തിരച്ചിലാരംഭിച്ചു

 (പ്രതീകാത്മക ചിത്രം: AFP/File)
(പ്രതീകാത്മക ചിത്രം: AFP/File)

പാകിസ്താന്റെ (Pakistan) പടിഞ്ഞാറൻ അതിർത്തിയിലുണ്ടായ അക്രമ സംഭവത്തിൽ, ഖൈബർ ജില്ലയിലെ തിറ താഴ്‌വരയിൽ സുരക്ഷാ വാഹനവ്യൂഹത്തിന് നേരെ തോക്കുധാരികൾ പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട്. സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പുലർച്ചെയാണ് ആക്രമണം ആരംഭിച്ചത്. തുടർന്ന് തോക്കുധാരികളും സൈനികരും തമ്മിൽ 30 മിനിറ്റ് നീണ്ടുനിന്ന ശക്തമായ വെടിവയ്പ്പ് നടന്നു.

ചുറ്റുമുള്ള മലയോര പ്രദേശങ്ങളിൽ നിന്നും നിന്ന് അത്യാധുനിക ആയുധങ്ങളുമായി അക്രമികൾ സുരക്ഷാ പോസ്റ്റിലേക്ക് അപ്രതീക്ഷിത ആക്രമണം അഴിച്ചുവിടുകയായിരുന്നു. നാലോ അഞ്ചോ സൈനികരുടെ നില ഗുരുതരമാണെന്ന് പറയപ്പെടുന്നു. പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് ഹെലികോപ്റ്റർ മാർഗം കൊണ്ടുപോയി. ഉടൻ തന്നെ സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചു. രക്ഷപെട്ട അക്രമികളെ കണ്ടെത്താൻ വലിയ തോതിലുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാൻ അതിർത്തിക്കടുത്തുള്ള പർവതപ്രദേശങ്ങൾ ഏറെക്കാലമായി തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിരുന്നു. ഒരുകാലത്ത് തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാന്റെയും (ടിടിപി) അനുബന്ധ ഗ്രൂപ്പുകളുടെയും ശക്തികേന്ദ്രമായിരുന്ന തിറ താഴ്‌വര, സമീപ മാസങ്ങളിൽ തീവ്രവാദ ആക്രമണങ്ങളിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച, വടക്കൻ വസീറിസ്ഥാനിൽ സമാന ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. അതേസമയം, ഖൈബർ പഖ്തൂൺഖ്വയിൽ വർദ്ധിച്ചുവരുന്ന തീവ്രവാദ സാന്നിധ്യം കണക്കിലെടുത്ത് ഇന്റലിജൻസ് അധിഷ്ഠിത പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം വീണ്ടും അക്രമത്തിന് കാരണമാകുമെന്നും ഇത് ഗോത്രമേഖലയിലെ പാകിസ്ഥാന്റെ ദുർബലമായ സുരക്ഷാ സാഹചര്യത്തിന് ഭീഷണിയാകുമെന്നും ഉദ്യോഗസ്ഥർ ഭയപ്പെടുന്നു.

Summary: In a fresh wave of violence on Pakistan’s western border, three security personnel were killed and several others injured when gunmen ambushed a security convoy in the Tirah Valley of Khyber district, security sources said. The attack began in the early hours of the morning. The gunmen and soldiers exchanged heavy fire for 30 minutes, according to reports