ലൈംഗികാരോപണം; ഇനി രാജകുമാരനല്ല ബ്രിട്ടീഷ് രാജകുടുംബത്തിലെ ആൻഡ്രൂ | Prince andrew loses royal titles, honours over ties with Jeffrey epstein | World
Last Updated:
ആൻഡ്രൂവിന്റെ പെൺമക്കളായ യൂജെനി രാജകുമാരിക്കും ബിയാട്രീസ് രാജകുമാരിയ്ക്കുമുള്ള സ്ഥാനപ്പേരുകൾ നിലനിർത്തുമെന്ന് ബിബിസി
ലൈംഗികാരോപണത്തിൽ ഉൾപ്പെട്ട ബ്രിട്ടീഷ് രാജകുടുംബത്തിലെ ആൻഡ്രൂ രാജകുമാരന്റെ രാജകീയ പദവികൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ബ്രിട്ടനിലെ ചാൾസ് രാജാവ് ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം വ്യാഴാഴ്ച അറിയിച്ചു. ആൻഡ്രുവിന്റെ പദവികൾ, ബഹുമതികൾ എന്നിവ നീക്കം ചെയ്യുന്നതിനുള്ള ഔപചാരിക നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് കൊട്ടാരം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
”ആൻഡ്രൂ രാജകുമാരൻ ഇനി ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ എന്ന് അറിയപ്പെടും. റോയൽ ലോഡ്ജിലെ പാട്ടക്കരാർ അനുസരിച്ച് വ്യാഴാഴ്ച വരെ അവിടെ താമസം തുടരുന്നതിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഈ പാട്ടക്കരാർ ഉപേക്ഷിക്കാൻ ഔദ്യോഗികമായി നോട്ടീസ് നൽകിയിട്ടുണ്ട്. അദ്ദേഹം മറ്റൊരു സ്വകാര്യ താമസസ്ഥലത്തേക്ക് മാറും,” പ്രസ്താവന കൂട്ടിച്ചേർത്തു. ”തനിക്കെതിരായ ആരോപണങ്ങൾ ആൻഡ്രൂ നിക്ഷേധിച്ചുവെങ്കിലും ഈ നടപടിക്രമങ്ങൾ ആവശ്യമാണെന്ന് കണക്കാക്കപ്പെടുന്നു”, പ്രസ്താവന കൂട്ടിച്ചേർത്തു.
”എല്ലാത്തരത്തിലുമുള്ള ദുരുപയോഗങ്ങളെയും അതിക്രമങ്ങളെയും അതിജീവിച്ചവരോടും ഇരകളോടുമൊപ്പം നിലകൊള്ളുന്നതായും അവരോടൊപ്പം നിലനിൽക്കുമെന്നും രാജാവ് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു,” പ്രസ്താവന വ്യക്തമാക്കി.
ആൻഡ്രൂവിന്റെ പെൺമക്കളായ യൂജെനി രാജകുമാരിക്കും ബിയാട്രീസ് രാജകുമാരിയ്ക്കുമുള്ള സ്ഥാനപ്പേരുകൾ നിലനിർത്തുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധമാണ് ആൻഡൂവിന്റെ രാജകീയ പദവികൾ നഷ്ടപ്പെടാൻ കാരണമായത്. ഇതിൽ കൃത്യമായ മറുപടി നൽകുന്നതിൽ ആൻഡ്രൂ പരാജയപ്പെട്ടതിനെ തുടർന്നാണിത്. ആൻഡ്രൂവിനെതിരേ ആരോപണം ഉന്നയിച്ച വിർജീയ ഗിയുഫ്രെ എഴുതിയ ‘നോബഡീസ് ഗേൾ’ എന്ന മരണാനന്തര ഓർമക്കുറിപ്പ് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ബന്ധം ശ്രദ്ധ നേടിയത്.
ആൻഡ്രൂ കൗമാരപ്രയാത്തിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ഗിയുഫ്രെ തന്റെ ഓർമക്കുറിപ്പിൽ പറഞ്ഞു. എന്നാൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളും ആൻഡ്രൂ ആവർത്തിച്ചു നിഷേധിച്ചു. ഈ മാസം ആദ്യം തന്നെ തന്റെ രാജപദവിയും സ്ഥാനപ്പേരുകളും ഉപയോഗിക്കുന്നത് ഉപേക്ഷിക്കുന്നതിന് ആൻഡ്രൂ ശ്രമിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. 2019 മുതൽ ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് അകന്ന് കഴിയുന്ന ആൻഡ്രൂ 2022ലെ ഒരു സിവിൽ കേസിൽ ഗിയുഫ്രെയുമായി കോടിക്കണക്കിന് ഡോളറിന്റെ ഒത്തുതീർപ്പ് നടത്തിയതെങ്ങനെയെന്നും ജീവിക്കാൻ എങ്ങനെ പണം കണ്ടെത്തുന്നു എന്നത് സംബന്ധിച്ചും ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
October 31, 2025 10:11 AM IST
