Leading News Portal in Kerala

ചരിത്ര വിജയം; സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയർ; ട്രംപിന് തിരിച്ചടി| Zohran Mamdani Makes History as New Yorks First Indian-American Muslim Mayor | World


Last Updated:

ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിം

സൊഹ്റാന്‍ മംദാനി (AFP)
സൊഹ്റാന്‍ മംദാനി (AFP)

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന്‍ മംദാനി (34) വിജയിച്ചു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ മുസ്ലിമാണ്  മംദാനി. ഇന്ത്യൻ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും ഉഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ. ന്യൂയോര്‍ക്കിന്റെ ആദ്യത്തെ മുസ്ലിം, ദക്ഷിണേഷ്യന്‍ മേയര്‍ എന്ന പദവിയും ഇനി മംദാനിക്ക് സ്വന്തം.

സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രു കുമോയെയും റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനി ചരിത്ര വിജയം നേടിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുമോയെ ആണ് പിന്തുണച്ചത്. മംദാനി വിജയിച്ചാൽ അത് നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറൽ സഹായം നിലച്ചേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ആരാണ് സോഹ്‌റാൻ മംദാനി?

ഉഗാണ്ടയിൽ ജനിക്കുകയും ന്യൂയോർക്ക് സിറ്റിയിൽ വളരുകയും ചെയ്ത 34-കാരനായ മംദാനി ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗവും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുമാണ്. ഇന്ത്യൻ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും ഉഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ്.

മംദാനിയുടെ വാഗ്ദാനങ്ങൾ

  • മേയറായാൽ, സ്ഥിരവാടകക്കാരുടെ വാടക ഉടൻ മരവിപ്പിക്കുമെന്നും, ന്യൂയോർക്കുകാർക്ക് ആവശ്യമായ ഭവനങ്ങൾ നിർമ്മിക്കാനും വാടക കുറയ്ക്കാനും ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിക്കുമെന്നും മംദാനി വാഗ്ദാനം ചെയ്തു.
  • വേഗമേറിയതും സൗജന്യവുമായ ബസ്സുകൾ വാഗ്ദാനം ചെയ്തുകൊണ്ട്, മേയർ എന്ന നിലയിൽ എല്ലാ സിറ്റി ബസ്സുകളിലും നിരക്ക് ശാശ്വതമായി ഒഴിവാക്കുമെന്നും, അതിലുപരി ബസ് മുൻഗണനാ പാതകൾ അതിവേഗം നിർമ്മിച്ച്, ക്യൂ ജമ്പ് സിഗ്നലുകൾ വികസിപ്പിച്ച്, ഡെഡിക്കേറ്റഡ് ലോഡിംഗ് സോണുകൾ സ്ഥാപിച്ചു ഇരട്ട പാർക്കിംഗിനെ ഒഴിവാക്കി യാത്രകൾ വേഗത്തിലാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
  • 6 ആഴ്ച മുതൽ 5 വയസ്സ് വരെയുള്ള എല്ലാ ന്യൂയോർക്കുകാർക്കും സൗജന്യ ശിശുപരിപാലനം നടപ്പിലാക്കും.
  • ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണാതീതമായ സാഹചര്യത്തിൽ, ലാഭമുണ്ടാക്കാതെ വില കുറച്ചു നിർത്താൻ ശ്രദ്ധിക്കുന്ന സിറ്റി ഉടമസ്ഥതയിലുള്ള പലചരക്ക് കടകളുടെ ഒരു ശൃംഖല മേയർ എന്ന നിലയിൽ സ്ഥാപിക്കും.
വിര്‍ജിനിയയിലും ന്യൂജേഴ്സിയിലും ഡെമോക്രാറ്റിക് വിജയം

വിര്‍ജിനിയയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഗവര്‍ണറായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗര്‍. ഗവര്‍ണര്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിന്‍സം ഏര്‍ലി സിയേഴ്‌സിനെയാണ് അബിഗെയ്ല്‍ പരാജയപ്പെടുത്തിയത്.

വിര്‍ജിനിയയ്ക്ക് പുറമേ ന്യൂജേഴ്‌സി ഗവര്‍ണര്‍ തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് വിജയം. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മിക്കി ഷെറില്‍ ആണ് ന്യൂജേഴ്‌സി ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ജാക്ക് സിയാറ്ററെല്ലിയെയാണ് മിക്കി ഷെറില്‍ പരാജയപ്പെടുത്തിയത്.