വിര്‍ജീനിയയുടെ ലെഫ്റ്റനന്റ് ഗവര്‍ണറാകുന്ന ആദ്യ ഇന്ത്യന്‍ വംശജയും ആദ്യ മുസ്ലീമും; ആരാണ് ഗസാല ഹാഷ്മി? | Who is Ghazala Hashmi the first Indian-origin and first Muslim to become Lieutenant Governor of Virginia | World
Last Updated:
ഹൈദരാബാദിൽ ജനിച്ച ഇവർ നാലാം വയസ്സിലാണ് യുഎസിലേക്ക് കുടിയേറിയത്
യുഎസിലെ വിർജീനിയയിൽ നടന്ന ലെഫ്റ്റനന്റ് ഗവർണർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ഗസാല ഹാഷ്മി തിരഞ്ഞെടുക്കപ്പെട്ടു. വിർജീനിയയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വംശജയും ആദ്യ മുസ്ലീമുമാണ് ഗസാല ഹാഷ്മി. ജോൺ റെയ്ഡിനെയാണ് അവർ തോൽപ്പിച്ചത്.
മുൻ കോളേജ് പ്രൊഫസറായ അവർ ജൂണിൽ ഒരു ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ചതിന് ശേഷമാണ് നോമിനേഷൻ നേടിയത്. ലെഫ്റ്റനന്റ് ഗവർണർ എന്ന നിലയിൽ ഹാഷ്മി വിർജീനിയ സ്റ്റേറ്റ് സെനറ്റിന്റെ അധ്യക്ഷയാകും. അവിടെ നിലവിൽ ഡെമോക്രാറ്റുകൾക്ക് 21-19 എന്ന നിലയിൽ നേരിയ മൂൻതൂക്കം മാത്രമാണെന്ന് ഉള്ളത്. സെനറ്റിൽ ടൈ ആകുമ്പോഴാണ് ലെഫ്റ്റനന്റ് ഗവർണർ വോട്ട് ചെയ്യുന്നത്. ഈ വിജയത്തോടെ ഹാഷ്മിയുടെ സെനറ്റ് സീറ്റ് ഒരു പ്രത്യേകമായുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടി വരും.
ചൊവ്വാഴ്ച വിർജീനിയയ്‌ക്കൊപ്പം ന്യൂജേഴ്‌സിയിലും ഗവർണർ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതിനൊപ്പം ന്യൂയോർക്ക് സിറ്റിയിലും കാലിഫോർണിയയിലും ഗവർണർ തിരഞ്ഞെടുപ്പ് നടന്നു.
വിർജീനിയയുടെ സ്റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലീമും ആദ്യ സൗത്ത് ഏഷ്യക്കാരിയുമാണ് ഹാഷ്മി. ഹൈദരാബാദിൽ ജനിച്ച അവർ നാലാം വയസ്സിലാണ് യുഎസിലേക്ക് കുടിയേറിയത്. ജോർജിയയിൽ കുടുംബത്തോടൊപ്പം താമസം ആരംഭിച്ചു. അമേരിക്കൻ സാഹിത്യത്തിൽ പിഎച്ച്ഡി നേടിയിട്ടുള്ള ഹാഷ്മി അവരുടെ പ്രൊഫഷണൽ ജീവിതത്തിൽ ഭൂരിഭാഗം സമയവും പ്രൊഫസറായാണ് ചെലവഴിച്ചത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അവർ യൂണിവേഴ്‌സിറ്റി ഓഫ് റിച്ച്‌മോണ്ടിലും റെയ്‌നോൾഡ്‌സ് കമ്യൂണിറ്റ് കോളേജിലും അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്..
2019-ൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഗ്ലെൻ സ്റ്റർട്ട് വെന്റിനെ പരാജയപ്പെടുത്തിയാണ് അവർ വെർജീനിയ സെനറ്റിലേക്ക് പ്രവേശിച്ചത്. 2023ൽ അവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സെനറ്റിൽ അവർ പ്രത്യുത്പാദന അവകാശങ്ങൾക്ക് വേണ്ടി വാദിച്ചു. വിർജീനിയയിലെ ഗർഭനിരോധന മാർഗങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അവർ സുപ്രധാന ബില്ലുകൾ തയ്യാറാക്കി. ബിൽ ഇരുസഭകളിലും പാസായെങ്കിലും ഗവർണർ ഗ്ലെൻ യംഗ്കിൻ അത് വീറ്റോ ചെയ്തു.
November 05, 2025 1:54 PM IST
വിര്‍ജീനിയയുടെ ലെഫ്റ്റനന്റ് ഗവര്‍ണറാകുന്ന ആദ്യ ഇന്ത്യന്‍ വംശജയും ആദ്യ മുസ്ലീമും; ആരാണ് ഗസാല ഹാഷ്മി?
