Leading News Portal in Kerala

‘ഹമാസ് നഗ്നനാക്കി ഗാസയിലെ തടവില്‍ ലൈംഗികമായി പീഡിപ്പിച്ചു’; ഇസ്രായേലി ബന്ദിയുടെ വെളിപ്പെടുത്തൽ sexually assaulted while in Hamas custody in Gaza reveals Freed Israeli hostage | World


ഇസ്രായേല്‍ സൈന്യത്തിലെ സൈനികനായിരുന്ന റോം സേവനത്തില്‍ നിന്ന് അവധിയെടുത്ത് നോവ സംഗീതമേളയില്‍ സുരക്ഷാ ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തെ ബന്ദിയാക്കിയത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസ സമാധാന കരാറിന്റെ ഭാഗമായി കഴിഞ്ഞമാസമാണ് ഇദ്ദേഹത്തെ ഹമാസ് മോചിപ്പിച്ചത്. തടവില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ലൈംഗികമായ അതിക്രമവും നേരിടേണ്ടി വന്നതായി അദ്ദേഹം പറയുന്നു. പാലസ്തീന്‍ ഇസ്ലാമിക് ജിഹാദ് (പിഐജെ) അംഗങ്ങള്‍ തന്നെ നഗ്നനാക്കി കെട്ടിയിട്ടതായും അദ്ദേഹം പറഞ്ഞു.

“അത് ലൈംഗികാതിക്രമമായിരുന്നു. അപമാനിക്കലായിരുന്നു അതിന്റെ പ്രധാന ലക്ഷ്യം, എന്നെ അപമാനിക്കുക, എന്റെ അന്തസ്സ് തകര്‍ക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം”, അദ്ദേഹം പറഞ്ഞു. ഹമാസ് തന്നെ ലൈംഗികമായി ആക്രമിച്ചുവെന്ന് പരസ്യമായി ആരോപിക്കുന്ന ആദ്യത്തെ ബന്ദിയാണ് ഇദ്ദേഹം.

2023 ഒക്ടോബര്‍ ഏഴിന് ഹമാസും സഖ്യകക്ഷികളായ പാലസ്തീന്‍ സായുധ ഗ്രൂപ്പുകളും തൈക്കന്‍ ഇസ്രായേലിനെ ആക്രമിച്ച് ഏകദേശം 1,200 പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു. റോം ബ്രാസ്ലവ്‌സ്‌കി അന്ന് നോവ സംഗീതമേളയില്‍ സുരക്ഷാ ഗാര്‍ഡായി പ്രവര്‍ത്തിക്കുകയായിരുന്നു.

യുഎസ് മധ്യസ്ഥതയില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നാലാഴ്ച മുമ്പ് മോചിപ്പിക്കപ്പെട്ട അവസാനത്തെ 20 ഇസ്രായേലി ബന്ദികളില്‍ ഒരാളാണ് റോം.

ഈ വര്‍ഷം മാര്‍ച്ചില്‍ ജൂതമതത്തില്‍ നിന്നും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പിഐജെ അംഗങ്ങളുടെ പെരുമാറ്റം വഷളായതായും മൂന്നാഴ്ചത്തേക്ക് തന്നെ കണ്ണ്‌കെട്ടി നിര്‍ത്തിയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. കേള്‍വി പരിമിതപ്പെടുത്താന്‍ ചെവിയില്‍ കല്ല് നിറച്ചും ഭക്ഷണവും വെള്ളവും പരിമിതപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. തുടര്‍ന്ന് തന്നെ പീഡിപ്പിക്കാനുള്ള നിര്‍ദ്ദേശം അംഗങ്ങള്‍ക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

അവര്‍ തന്നെ കെട്ടിയിട്ട് അടിച്ചതായും ഒരു ലോഹ കേബിള്‍ ഉപയോഗിച്ച് അടിച്ചതായും ഇത് ദിവസം പലതവണ ആവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജീവനോടെ പുറത്തുവരാന്‍ ആകുമോ എന്ന് പോലും സംശയിച്ചിരുന്നതായി അദ്ദേഹം ഓര്‍ത്തു.

2025 ഓഗസ്റ്റില്‍ പിഐജെ ഒരു വീഡിയോ പോസ്റ്റ് ചെയ്ത്. അതില്‍ റോം ബ്രാസ്ലവ്‌സ്‌കി കരയുന്നതും ഭക്ഷണവും വെള്ളവും തീര്‍ന്നെന്നും നില്‍ക്കാനോ നടക്കാനോ കഴിയുന്നില്ലെന്നും മരണവാതില്‍ക്കല്‍ നില്‍ക്കുകയാണെന്നും പറയുന്നുണ്ടായിരുന്നു. ഇതിനുശേഷമാണ് ലൈംഗികമായും ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. വസ്ത്രങ്ങളെല്ലാം ഊരിമാറ്റി കെട്ടിയിട്ട് ഉപദ്രവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നോട് ചെയ്ത മറ്റ് ക്രൂരതകളെ കുറിച്ച് ചോദിച്ചപ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടാണെന്നും അക്കാര്യങ്ങള്‍ പറയാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അത് ഭയാനകമായിരുന്നുവെന്നുമാണ് റോം മറുപടി നല്‍കിയത്.

ബ്രാസ്ലവ്‌സ്‌കി തടവില്‍ നേരിട്ട ഭീകരതകള്‍ പങ്കുവെക്കുന്നതില്‍ അസാധാരണമായ ധൈര്യം കാണിച്ചുവെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പറഞ്ഞു. ഗാസയില്‍ തീവ്രവാദികള്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ വ്യാപ്തി, ക്രൂരത, ലൈംഗികാതിക്രമം, ദുരുപയോഗം എന്നിവ ലോകം മനസ്സിലാക്കണമെന്നും അദ്ദേഹം എക്‌സില്‍ എഴുതി.

അതേസമയം ബ്രാസ്ലവ്‌സ്‌കിയുടെ ലൈംഗികാതിക്രമ ആരോപണം തെറ്റാണെന്ന് ഒരു പിഐജെ അംഗം റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഹമാസ് ബന്ദികളാക്കിയ നാല് സ്ത്രീകളെങ്കിലും തങ്ങള്‍ക്കോ സഹ തടവുകാര്‍ക്കോ എതിരായ ലൈംഗികാതിക്രമ സംഭവങ്ങളെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2024 മാര്‍ച്ചില്‍ ബന്ദികള്‍ക്കെതിരെ ബലാത്സംഗവും ലൈംഗിക പീഡനവും നടന്നതായി കണ്ടെത്തിയതായി ഇതേക്കുറിച്ച് അന്വേഷിച്ച യുഎന്‍ പ്രത്യേക പ്രതിനിധി പറഞ്ഞു. ഒക്ടോബര്‍ 7-ലെ ആക്രമണത്തിനിടെ ബലാത്സംഗവും കൂട്ടബലാത്സംഗവും ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ ലൈംഗിക അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളും അവര്‍ കണ്ടെത്തി. എന്നാല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അടിസ്ഥാനരഹിതം ആണെന്ന് ഹമാസ് പറഞ്ഞു.