Leading News Portal in Kerala

പാക് ആണവ കേന്ദ്രത്തിനെതിരെ ആക്രമണം നടത്താന്‍ ഇന്ദിരാഗാന്ധി മടിച്ചു: മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ Indira Gandhi hesitated to attack Pakistans nuclear facility reveals Former CIA officer | World


Last Updated:

ആക്രമണം നടത്താന്‍ അംഗീകാരം നല്‍കിയിരുന്നെങ്കിൽ ധാരാളം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നുവെന്നും മുന്‍ സിഐഎ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി

News18
News18

പാക്കിസ്ഥാന്റെ ആണവ കേന്ദ്രത്തിനെതിരായ ആക്രമണത്തിന് അന്ന് ഇന്ദിരാഗാന്ധി അംഗീകാരം നല്‍കിയില്ലെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയിലെ മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. 1980-കളില്‍ ഇന്ത്യയും ഇസ്രായേലും ചേര്‍ന്ന് പാക്കിസ്ഥാനിലെ കഹുത ആണവകേന്ദ്രത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ആക്രമണത്തിന് അംഗീകാരം നല്‍കിയില്ലെന്നും അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ധാരാളം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നുവെന്നും മുന്‍ സിഐഎ ഉദ്യോഗസ്ഥനായ റിച്ചാര്‍ഡ് ബര്‍ലോ പറഞ്ഞു. എഎന്‍ഐയുടെ ഇഷാന്‍ പ്രകാശിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

“അത് ഒരിക്കലും സംഭവിച്ചില്ല, അത് വെറും സംസാരത്തില്‍ മാത്രം ഒതുങ്ങി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അതിന് അംഗീകാരം നല്‍കിയില്ല എന്നത് ലജ്ജാകരമാണ്. അത് ഒരുപാട് പ്രശ്‌നങ്ങള്‍ പരിഹരിക്കുമായിരുന്നു”, അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പാക്കിസ്ഥാന്റെ ആണവ കേന്ദ്രത്തിനെതിരായ ഏതൊരു നടപടിയും അന്നത്തെ യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗനെ പ്രകോപിപ്പിക്കുമായിരുന്നുവെന്നും അത് സംഭവിച്ചിരുന്നെങ്കിൽ അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി മെനാഷെം ബൈഗിനെതിരെ അദ്ദേഹം ശക്തമായ നടപടി സ്വീകരിക്കുമായിരുന്നുവെന്നും ബർലോ പറഞ്ഞു.

1980കളില്‍ പാക്കിസ്ഥാന്‍ രഹസ്യമായി ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയ സമയത്ത് യുഎസ് പ്രതിരോധ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി സേവനമനുഷ്ടിക്കുകയായിരുന്നു ബര്‍ലോ. അക്കാലത്ത് പാക്കിസ്ഥാന്റെ കൈവശം ആണവായുധങ്ങള്‍ ഇല്ലെന്ന് യുഎസ് പ്രസിഡന്റ് സാക്ഷ്യപ്പെടുത്തികൊണ്ടിരുന്നു. എന്നാല്‍ ഇത് സിഐഎ ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമല്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

1990-ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മറ്റൊരു പ്രധാന പ്രതിസന്ധിയുണ്ടായി. ആണവായുധങ്ങള്‍ പാക്കിസ്ഥാന്‍ വ്യോമതാവളങ്ങളിലേക്ക് കൊണ്ടുപോകുന്നതും എഫ്-16 വിമാനങ്ങളില്‍ വയ്ക്കുന്നതും രഹസ്യാന്വേഷണ സമൂഹം കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1960-ലെ ക്യൂബെന്‍ മിസൈല്‍ പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഭയാനകമായ കാര്യം എന്നാണ് സിഐഎ ഡെപ്യൂട്ടി ഡയറക്ടര്‍ റിച്ചാര്‍ഡ് കെര്‍ ഇതിനെ വിശേഷിപ്പിച്ചതെന്ന് ബര്‍ലോ പറയുന്നു. ശീതയുദ്ധകാലക്ക് യുഎസും സോവിയറ്റ് യൂണിയനും സൈനിക ഏറ്റമുട്ടലിന് തയ്യാറായി നില്‍ക്കുന്ന സമയത്തായിരുന്നു അതെന്നും പ്രതിസന്ധി പരിഹരിക്കാനായി റീഗന്‍ അന്ന് ദേശീയ സുരക്ഷാ കൗൺസിൽ (എന്‍എസ്‌സി) ഉപദേഷ്ടാവായ റോബര്‍ട്ട് ഗേറ്റ്‌സിനെ പാക്കിസ്ഥാനിലേക്കും ഇന്ത്യയിലേക്കും അയച്ചതായും ബര്‍ലോ പറയുന്നു.

ഇന്ത്യയെ നേരിടാന്‍ വേണ്ടിയായിരുന്നു പാക്കിസ്ഥാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ രഹസ്യ നീക്കം തുടങ്ങിയതെന്ന് ബര്‍ലോ പറഞ്ഞു. എന്നാല്‍ അതിന്റെ മുഖ്യ ശില്‍പ്പിയായ അബ്ദുള്‍ ഖദീര്‍ ഖാന്റെ കീഴില്‍ മറ്റ് മുസ്ലീം രാജ്യങ്ങളിലേക്ക് കൂടി ആണവ സാങ്കേതികവിദ്യ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു ഇസ്ലാമിക ബോംബായി ആ നീക്കം മാറി.

1974-ലെ ഇന്ത്യയുടെ ആണവ പരീക്ഷണത്തോടെയാണ് പാക്കിസ്ഥാന്റെ ആണവ അഭിലാഷങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ വൈകാതെ ആ ആഗ്രഹങ്ങള്‍ക്ക് വിശാലമായ ലക്ഷ്യം കൈവന്നുവെന്ന് ബര്‍ലോ പറഞ്ഞു. പതിറ്റാണ്ടുകളായി പാക്കിസ്ഥാന്റെ ആണവ വ്യാപന ശൃംഖലയെ അവഗണിച്ചതിന് യുഎസിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. 20 വര്‍ഷത്തിലധികമായി പാക്കിസ്ഥാന്റെ ആണവ ഇടപാടുകള്‍ക്കെതിരെ യുഎസ് ഭരണകൂടം ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ ആരോപിച്ചു.