തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം തകർന്നു വീണു; വിമാനത്തിൽ 20 സൈനികർ| Turkish C-130 Military Cargo Plane Carrying 20 Personnel Crashes Near Georgia-Azerbaijan Border | World
അസർബൈജാനിൽ നിന്ന് പറന്നുയർന്ന തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം 20 സൈനികരുമായി ചൊവ്വാഴ്ച ജോർജിയയിൽ തകർന്നുവീണതായി തുർക്കി, ജോർജിയൻ അധികൃതർ അറിയിച്ചു.
തുർക്കിയിലേക്ക് മടങ്ങുന്നതിനിടെയാണ് വിമാനം തകർന്നത്. രക്ഷാപ്രവർത്തക സംഘം സ്ഥലത്തേക്ക് കുതിച്ചെത്തിയപ്പോൾ, തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ ‘രക്തസാക്ഷികൾക്ക്’ അനുശോചനം അറിയിച്ചു.
തുർക്കി വാർത്താ ചാനലുകൾ സംപ്രേക്ഷണം ചെയ്ത ഒരു വൈറൽ വീഡിയോയിൽ, വിമാനം മലനിരകളിൽ തകർന്നുവീഴുന്നതിനു മുൻപ് വെളുത്ത പുക പുറപ്പെടുവിച്ച് കറങ്ങുന്നതും പിന്നീട് കട്ടിയുള്ള കറുത്ത പുക ഉയരുന്നതും കാണാം. വിമാനത്തിൽ തുർക്കി, അസേരി സൈനികർ ഉണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ല.
അങ്കാറയിൽ ഒരു പ്രസംഗം പൂർത്തിയാക്കുന്നതിനിടെ സഹായികൈമാറിയ കുറിപ്പ് വായിച്ച ശേഷം വിമാനം തകർന്ന വിവരം കേട്ട് തനിക്ക് ദുഃഖമുണ്ടെന്ന് എർദോഗൻ പറഞ്ഞു.
“ദൈവം അനുഗ്രഹിക്കട്ടെ, ഏറ്റവും കുറഞ്ഞ ബുദ്ധിമുട്ടുകളോടെ നമുക്ക് ഈ ദുരന്തത്തെ മറികടക്കാൻ കഴിയും. നമ്മുടെ രക്തസാക്ഷികളുടെ ആത്മാക്കൾക്ക് ദൈവം നിത്യശാന്തി നൽകട്ടെ, നമ്മുടെ പ്രാർത്ഥനകളിലൂടെ നമുക്ക് അവരോടൊപ്പം ഉണ്ടാവാം,” അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ എണ്ണമോ അപകടത്തിന്റെ കാരണമോ എർദോഗന്റെ ഓഫീസ് പുറത്തുവിട്ടിട്ടില്ല.
ജോർജിയ-അസർബൈജാൻ അതിർത്തിക്കടുത്താണ് വിമാനം തകർന്നതെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ തന്റെ ജോർജിയൻ കൗണ്ടർപാർട്ടുമായി ഫോണിൽ സംസാരിച്ചു എന്നും, അദ്ദേഹം അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
അസരി, ജോർജിയൻ അധികൃതരുമായി ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത് എന്ന് അങ്കാറ അറിയിച്ചു. ജോർജിയൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, അസർബൈജാൻ അതിർത്തിക്കടുത്തുള്ള ജോർജിയയിലെ സിഗ്‌നാഗി മുനിസിപ്പാലിറ്റിയിലാണ് വിമാനം തകർന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അവർ കൂട്ടിച്ചേർത്തു.
തുർക്കി സൈന്യം സൈനികരെ കൊണ്ടുപോകുന്നതിനും ലോജിസ്റ്റിക്കൽ പ്രവർത്തനങ്ങൾക്കും C-130 സൈനിക ചരക്ക് വിമാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തുർക്കിയും അസർബൈജാനും അടുത്ത സൈനിക സഹകരണം നിലനിർത്തുന്ന രാജ്യങ്ങളാണ്.
New Delhi,New Delhi,Delhi
November 11, 2025 10:24 PM IST