Leading News Portal in Kerala

കൊറിയന്‍ മ്യൂസിക് ബാന്‍ഡ് ബിടിഎസിലെ താരമായ ജിന്നിനെ ചുംബിച്ച സ്ത്രീക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ് | World


Last Updated:

കഴിഞ്ഞ വര്‍ഷം നടന്ന പൊതുപരിപാടിക്കിടെയാണ് താരത്തെ അനുവാദമില്ലാതെ ഇവര്‍ ചുംബിച്ചത്. സംഭവം ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു

News18
News18

കൊറിയന്‍ മ്യൂസിക് ബാന്‍ഡ് ബിടിഎസിലെ (BTS Korean music band) ഗായകനായ ജിന്നിനെ (Jin) ചുംബിച്ച ജപ്പാനീസ് സ്ത്രീക്കെതിരെയുള്ള അന്വേഷണത്തില്‍ പുരോഗതി. ഇവര്‍ക്കെതിരെ കൊറിയയില്‍ ലൈംഗികാതിക്രമത്തിന് കുറ്റം ചുമത്തി. കഴിഞ്ഞ വര്‍ഷം നടന്ന പൊതുപരിപാടിക്കിടെയാണ് താരത്തെ അനുവാദമില്ലാതെ ഇവര്‍ ചുംബിച്ചത്. സംഭവം ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

2024-ല്‍ സിയോളിലെ ജാംസില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫ്രീ ഹഗ് പരിപാടിക്കിടെയാണ് 50-കാരിയായ സ്ത്രീ ജിന്നിനെ ചുംബിച്ചത്. പരിപാടിക്കിടെ ഇവര്‍ ഗായകനെ ലൈംഗികമായി ആക്രമിച്ചതായി കൊറിയന്‍ പോലീസ് പറയുന്നു. കഴുത്തില്‍ പിടിച്ച് ഇവര്‍ ജിന്നിനെ ചുംബിച്ചപ്പോള്‍ അദ്ദേഹം ഞെട്ടിപോയതായി പരിപാടിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധവും വിമര്‍ശനങ്ങളും ഉയര്‍ന്നതായും അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തില്‍ സ്ത്രീക്കെതിരെ സിയോള്‍ ഈസ്‌റ്റേണ്‍ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടര്‍ ലൈംഗികാതിക്രമത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ജപ്പാന്‍കാരിയായ സ്ത്രീ സ്വന്തം രാജ്യത്തായിരുന്നതിനാല്‍ അവരെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനായില്ല. ഇതോടെ മാര്‍ച്ചില്‍ ഇവര്‍ക്കെതിരെയുള്ള അന്വേഷണം തല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് ഇവര്‍ സ്വമേധയാ ഹാജരായി. ഇതോടെയാണ് അന്വേഷണം പുനരാരംഭിച്ച് ലൈംഗികാതിക്രമ കുറ്റം ചുമത്തിയിരിക്കുന്നത്.

തിരക്കേറിയ പൊതുപരിപാടിയില്‍ ലൈംഗികാതിക്രമം നടത്തിയതിന് ലൈംഗിക അതിക്രമ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയതായി കൊറിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ സ്ഥിരീകരിച്ചു. കേസ് സിയോള്‍ ഈസ്‌റ്റേണ്‍ ഡിസ്ട്രിക്ട് കോടതിയിലെ ക്രിമിനല്‍ ഡിവിഷനിലേക്ക് മാറ്റി. ജഡ്ജ് ലീ ജംഗ് മിന്‍ ആണ് ഇതിന് മേല്‍നോട്ടം വഹിക്കുക.

പ്രതിക്ക് ഒരു വര്‍ഷം വരെ തടവോ ഏകദേശം 17,22,000 രൂപ പിഴയോ ലഭിച്ചേക്കും. സ്ത്രീയുടെ ദേശീയത നിയമ നടപടികളെ ബാധിക്കില്ലെന്നും ഒരു വിദേശി കൊറിയയില്‍ കുറ്റം ചെയ്താല്‍ കൊറിയന്‍ ക്രിമിനല്‍ നിയമങ്ങള്‍ അവര്‍ക്ക് ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ നാടുകടത്തലോ ഭാവിയില്‍ പ്രവേശന നിയന്ത്രണങ്ങളോ ഇവർക്ക് നേരിടേണ്ടി വരും.

Summary: Progress in the investigation into the Japanese woman who kissed Jin, the singer of the Korean music band BTS. They have been charged with sexual assault in Korea

മലയാളം വാർത്തകൾ/ വാർത്ത/World/

കൊറിയന്‍ മ്യൂസിക് ബാന്‍ഡ് ബിടിഎസിലെ താരമായ ജിന്നിനെ ചുംബിച്ച സ്ത്രീക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്