ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രായേൽ Israel asks India to declare Hamas a terrorist organization | World
Last Updated:
ഹമാസ്- ലഷ്കർ-ഇ-തൊയ്ബ ബന്ധം ശക്തമാകുന്നതായും ഇസ്രായേൽ ആരോപിച്ചു
ഹമാസിനെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേൽ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-തൊയ്ബ (എൽഇടി)യുമായും ഇറാൻ പിന്തുണയുള്ള നെറ്റ്വർക്കുകളുമായും ഹമാസ് ബന്ധം ശക്തിപ്പെടുത്തുന്നത് ഇരു രാജ്യങ്ങൾക്കും സുരക്ഷാ ഭീഷണി ഉയർത്തുന്നുവെന്നും ഇസ്രായേൽ പറഞ്ഞു. ഗാസയിലെ പ്രവർത്തനങ്ങൾ ശക്തമാക്കാനും ആക്രമണങ്ങൾക്ക് അന്താരാഷ്ട്ര പ്രോക്സികളെ ഉപയോഗിക്കാനുമുള്ള ഹമാസിന്റെ ശ്രമങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇസ്രയേൽ ഇന്ത്യയോട് ആവശ്യമുന്നയിച്ചത്.
ഗഹമാസ് പോലുള്ള സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കാനും ഉപരോധം ഏർപ്പെടുത്താനും ഇന്ത്യ കഠിനമായി ശ്രമിക്കണമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ജറുസലേമിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.2023 ഒക്ടോബർ 7 ലെ ആക്രമണത്തിന് ഒരു മാസത്തിനുശേഷം ഇസ്രായേൽ ലഷ്കർ-ഇ-തൊയ്ബ( എൽഇടി) ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ഇസ്രായേൽ പ്രതിരോധ സേനയുടെ (IDF) സമാനമായ അഭ്യർത്ഥനകളെ തുടർന്നാണ് ഈ ആവശ്യം. ഇന്ത്യയ്ക്കും ഇസ്രായേലിനും ഹമാസ് ഒരു പൊതു ശത്രുവാണെന്നും ഔപചാരിക നിരോധനം ശക്തമായ സന്ദേശം നൽകുമെന്നും IDF ന്റെ അന്താരാഷ്ട്ര വക്താവ് ലെഫ്റ്റനന്റ് കേണൽ നദവ് ശോഷാനി പറഞ്ഞു.
ഹമാസ്- ലഷ്കർ-ഇ-തൊയ്ബ ബന്ധം ശക്തമാകുന്നതായും ഇസ്രായേൽ ആരോപിച്ചു. രഹസ്യ ആക്രമണങ്ങൾ നടത്താൻ ഇറാൻ അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലകളെ ഉപയോഗിക്കുന്നതായും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.ഇറാനിയൻ പിന്തുണയുള്ള ഗ്രൂപ്പുകളും ആഗോള ഭീകര സംഘടനകളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പരസ്പരബന്ധത്തെക്കുറിച്ച് ഇന്ത്യക്ക് അറിയാമെന്നും ഹമാസിനെ നിരോധിക്കുന്നത് ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാൾ എന്നിവയുൾപ്പെടെ അയൽരാജ്യങ്ങളിലെ ഭീകരവിരുദ്ധ നയങ്ങളെ സ്വാധീനിക്കുമെന്നും ഇസ്രയേൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി.
ഇസ്രായേലിന്റെ ഏറ്റവും അടിയന്തര ആശങ്ക, ആഫ്രിക്കയിൽ, പ്രത്യേകിച്ച് സംഘർഷബാധിതമായ പ്രദേശങ്ങളിൽ ഇറാന്റെ വർദ്ധിച്ചുവരുന്ന സ്വാധീനമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.സുഡാനിൽ ആഭ്യന്തരയുദ്ധം തുടരുന്നതിനിടെ 2024 ൽ സുഡാനും ഇറാനും നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചിരുന്നു. അതിനുശേഷം, ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) സുഡാനീസ് സായുധ സേനയ്ക്ക് ഡ്രോണുകൾ, യുദ്ധോപകരണങ്ങൾ, രഹസ്യാന്വേഷണ വിവരങ്ങൾ എന്നിവ വിതരണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.
New Delhi,Delhi
December 08, 2025 12:02 PM IST
