Leading News Portal in Kerala

ഇന്ത്യന്‍ അരിക്ക് പുതിയ തീരുവ ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്‌ | Donald Trump says new tariff to be imposed on Indian rice | World


ഇന്ത്യയും കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അര്‍ത്ഥവത്തായ പുരോഗതിയൊന്നുമില്ലാതെ തുടരുന്നതാല്‍ ട്രംപ് ഭരണകൂടത്തിനുള്ളില്‍ നിരാശ നിലനില്‍ക്കുന്നുണ്ട്. വര്‍ധിച്ചുവരുന്ന മത്സരത്തില്‍ നിന്ന് അമേരിക്കന്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ ഇപ്പോള്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യന്‍ അരി കൂടുതലായി ഇറക്കുമതി ചെയ്യുന്നു

ഇന്ത്യ, വിയറ്റ്‌നാം, തായ്‌ലന്‍ഡ് എന്നിവടങ്ങളില്‍ നിന്നുള്ള ഇറക്കുമതി വർധിക്കുന്നത് ആഭ്യന്തരമായി ഉത്പാദിപ്പിക്കപ്പെടുന്ന ഉത്പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് യുഎസിലെ അരി കര്‍ഷകര്‍ ആശങ്ക ഉന്നയിച്ചതായി ട്രംപ് യോഗത്തിനിടെ ആവര്‍ത്തിച്ചു. വിദേശ വിപണികളില്‍ നിന്നുള്ള അരി അമേരിക്കന്‍ വിപണിയില്‍ കുന്നുകൂടുന്നുവെന്ന  തന്റെ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

“എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് അത് ചെയ്യാന്‍ അനുവാദമുള്ളത്? അവര്‍ക്ക് തീരുവ ചുമത്തണം. അവര്‍ക്ക് അരി ഇറക്കുമതി ചെയ്യുന്നതില്‍ ഇളവുണ്ടോ,” ഇന്ത്യയുടെ വ്യാപാര രീതികളെക്കുറിച്ച് ട്രംപ് തന്റെ ഉപദേഷ്ടക്കളോട് ചോദിച്ചു. എന്നാല്‍ ഇല്ലെന്നും തങ്ങള്‍ ഇപ്പോഴും ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ ചര്‍ച്ച നടത്തി വരികയാണെന്ന് അവര്‍ പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്നുവെന്ന് പറഞ്ഞ് ട്രംപ് ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയും ആ രാജ്യങ്ങളുടെ പട്ടിക തനിക്ക് നല്‍കണമെന്ന് ഉപദേശക സംഘത്തോട് നിര്‍ദേശിക്കുകയും ചെയ്തു.   ഈ പ്രശ്‌നം കൂടുതല്‍ സൂക്ഷ്മമായി അവലോകം ചെയ്യാനുള്ള ട്രംപിന്റെ ഉദ്ദേശ്യത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിലയിരുത്തുന്നു.

വിദേശ ഉത്പ്പന്നങ്ങള്‍ കൂടുതലായി ഇറക്കുമതി ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു. ഉത്പാദന ചെലവ് വര്‍ധിക്കുകയും വിദേശ അവസരങ്ങള്‍ പരിമിതമായിരിക്കുകയും ചെയ്യുന്ന സമയത്ത് വില കുറച്ച് ഇറക്കുമതി ചെയ്യുന്നത് തങ്ങളുടെ വിപണി വിഹിതം ഇല്ലാതാക്കിയിട്ടുണ്ടെന്ന് കര്‍ഷകര്‍ വാദിക്കുന്നു.

കനേഡിയന്‍ വളം

കാനഡയില്‍ നിന്ന് കൂടിയ അളവില്‍ വളം ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചും ട്രംപ് യോഗത്തിനിടെ പരാമർശിച്ചു. ഈ മേഖലയില്‍ പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. താരിഫ് ഏര്‍പ്പെടുത്തുന്നത് കൂടുതല്‍ ആഭ്യന്തര ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“വളത്തിന്റെ ഭൂരിഭാഗവും കാനഡയില്‍നിന്നാണ് വരുന്നത്. അതിനാല്‍ ഞങ്ങള്‍ക്ക് അതിന്മേല്‍ വളരെ കടുത്ത താരിഫ് ചുമത്തേണ്ടി വരും,” ട്രംപ് പറഞ്ഞു. “നിങ്ങള്‍ ഇവിടെ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന രീതി അതാണ്. ഞങ്ങള്‍ക്ക് ഇവിടെയും അത് ചെയ്യാന്‍ കഴിയും,” അദ്ദേഹം വ്യക്തമാക്കി.

ഇറക്കുമതി ചെയ്യുന്ന കാര്‍ഷിക വിഭവങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് രാജ്യത്തിന്റെ വിശാലമായ സാമ്പത്തിക ലക്ഷ്യങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് ട്രംപ് ആവര്‍ത്തിച്ചു ആശങ്ക പ്രകടിപ്പിച്ചു.

കര്‍ഷകര്‍ നേരിടുന്നത് കടുത്ത സമ്മര്‍ദം

ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ വോട്ട് ബാങ്കായ അമേരിക്കന്‍ കര്‍ഷകര്‍ രാജ്യത്ത് നേരത്തെ എടുത്ത താരിഫ് തീരുമാനങ്ങളുമായി ബന്ധപ്പെട്ട് വിപണിയിലെ ചാഞ്ചാട്ടവും ഉയര്‍ന്ന ചെലവുകളും നിരീക്ഷിച്ചു വരികയാണ്. തിങ്കളാഴ്ച പ്രഖ്യാപിച്ച 12 ബില്ല്യണ്‍ ഡോളറിന്റെ പാക്കേജ് കര്‍ഷകര്‍ക്ക് ഉടനടി ആശ്വാസം നല്‍കാനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയുമായും കാനഡയുമായുമുള്ള വ്യാപാര ചര്‍ച്ചകള്‍ വലിയ പുരോഗതിയില്ലാതെ ഇഴഞ്ഞിഴഞ്ഞാണ് മുന്നോട്ട് നീങ്ങുന്നത്. ഈ വര്‍ഷം ആദ്യം നിരവധി ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ക്ക് യുഎസ് 50 ശതമാനം തീരുവ ചുമത്തിയിരുന്നു. ഈ ആഴ്ച ഒരു യുഎസ് പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നു.