Leading News Portal in Kerala

ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കുട്ടിയെ നോക്കാൻ ഏൽപ്പിച്ചതിന് യുകെയില്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ക്ക് 48 ലക്ഷം രൂപ പിഴ | UK Politician fined for hiring indian student as nanny illegally | World


യുകെയിൽ ജോലി ചെയ്യുന്നതിന് നിയമപരമായ അവകാശങ്ങൾ ഇല്ലാതിരുന്നിട്ടും 22കാരിയായ ഹിമാൻഷി ഗോംഗ്ലിയെ പ്രതിമാസം 1200 പൗണ്ടിന്(ഏകദേശം 1.44 ലക്ഷം രൂപ)നാനിയായി നിയമിച്ചതായി കണ്ടെത്തിയെന്ന് ഡെയിലി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.

ഹൗൺസ്ലോ ബറോയിലെ മുൻ ഡെപ്യൂട്ടി മേയർ കൂടിയാണ് 45കാരിയായ ഹിന മിർ. ഇവർ തന്റെ രണ്ടു കുട്ടികളെ പരിപാലിക്കുന്നതിനാണ് ഹിമാൻഷിയെ നാനിയായി നിയമിച്ചത്. ആഴ്ചയിൽ ആറ് ദിവസം 24 മണിക്കൂറും ജോലിക്ക് നിറുത്തിയതായി സിറ്റി ഓഫ് ലണ്ടൻ കൗണ്ടി കോർട്ട് അടുത്തിടെ കണ്ടെത്തിയിരുന്നു.

”കൗൺസിലർ മിർ എല്ലാവർക്കും മാതൃകയായ വ്യക്തിയാണ്. അവർ ഒരു സോളിസിറ്ററും കൗൺസിലറുമാണ്. കൂടാതെ, സമൂഹത്തിൽ ഇടപെടുന്നയാളുമാണ്, ” ജഡ്ജി സ്റ്റീഫൻ ഹെൽമാൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

”എന്നാൽ മിർ ഹാജരാക്കിയ തെളിവുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിരിക്കുന്നു. അതിനാൽ അവരുടെ തെളിവുകളെ കൂടുതൽ ആശ്രയിക്കാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു.

മിർ വിദ്യാർഥിനിയ്ക്ക് റിയ എന്ന വിളിപ്പേരിട്ടു. വീഡിയോ ഗെയിമുകൾ കളിക്കാനും ടിവി കാണാനും വിശ്രമിക്കാനും വീട്ടുജോലികൾ ചെയ്യാനുമായി വീട്ടിൽ പതിവായി വരുന്ന സോഷ്യൽ വിസിറ്റർ ആണ് വിദ്യാർഥിനിയെന്ന് മിർ കോടതിയിൽ അവകാശപ്പെട്ടതായി റിപ്പോർട്ട് കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിദ്യാർഥിനി സഹായത്തിനായി പോലീസ് സഹായം തേടിയപ്പോൾ അവർ വിഷമിക്കുന്നതായി കണ്ടുവെന്ന് യുകെ ഹോം ഓഫീസ് കോടതിയെ അറിയിച്ചു. 2023 മാർച്ചിൽ അവരുടെ വിസാ കാലാവധി അവസാനിച്ചതായും അതിന് ശേഷം അവർ രാജ്യത്ത് നിയമവിരുദ്ധമായി കഴിയുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. താൻ ശാരീരികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ജീവനൊടുക്കാൻ തോന്നിയതായും അവർ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

ആരിഫ് റഹ്‌മാൻ എന്നയാളാണ് മിറിനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായത്. കുടിയേറ്റ ആനുകൂല്യം നേടിയെടുക്കുന്നതിനും അടിമത്തത്തിന്റെ ഇരയായി ചിത്രീകരിക്കാനുമുള്ള ഉദ്ദേശ്യത്തോടെ കെട്ടിച്ചമച്ച കഥയാണിതെന്ന് ആരിഫ് റഹ്‌മാൻ കോടതിയെ അറിയിച്ചു.

എന്നാൽ വിദ്യാർഥിനിയെ പോലീസ് അറസ്റ്റ് ചെയ്തിന് ശേഷം വളരെ വിശദമായി തെളിവുകൾ കെട്ടിച്ചമയ്ക്കാൻ സാധ്യതയില്ലെന്ന് ജഡ്ജി ജൂണ്ടിക്കാട്ടി.

അപ്പീൽ തള്ളിയതോടെ മിർ 40,000 പൗണ്ട് പിഴയായും കോടതി ചെലവിലേക്കായി 3620 പൗണ്ടും അടയ്‌ക്കേണ്ടി വരും.

ഇതിനിടെ മിർ കൗൺസിലർ സ്ഥാനം രാജി വയ്ക്കണമെന്ന് അവർ ഉൾപ്പെടുന്ന ഹൗൺസ്ലോ കൗൺസിലിലെ പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/World/

ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കുട്ടിയെ നോക്കാൻ ഏൽപ്പിച്ചതിന് യുകെയില്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ക്ക് 48 ലക്ഷം രൂപ പിഴ