Leading News Portal in Kerala

ഇന്ത്യയിൽ നിന്ന് കടത്തിയതുള്‍പ്പെടെ 600ലധികം പുരാവസ്തുക്കള്‍ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്ന് മോഷണം പോയി | Idian Artefacts among 600 high value items stolen from UK museum | World


Last Updated:

മോഷണം നടത്തിയതായി സംശയിക്കുന്ന നാല് വെള്ളക്കാരായ പുരുഷന്മാരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്

News18
News18

ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് കടത്തിയത് ഉൾപ്പെടെ ഉയര്‍ന്ന മൂല്യമുള്ള 600ലധികം പുരാവസ്തുക്കള്‍ ബ്രിട്ടണിലെ ബ്രിസ്റ്റോള്‍ മ്യൂസിയത്തില്‍ നിന്ന് മോഷണം പോയി. ഏവോണ്‍ ആന്‍ഡ് സോമര്‍സെറ്റ് പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് മാസം മുമ്പാണ് മോഷണം നടന്നതെങ്കിലും ഇപ്പോഴാണ് വിവരം പുറത്തുവിടുന്നത്. സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ഒരു മണിക്കും രണ്ടു മണിക്കും ഇടയില്‍ ബ്രിട്ടീഷ് എംപയര്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് കളക്ഷനില്‍ നിന്നാണ് ഈ വസ്തുക്കള്‍ മോഷണം പോയത്.

മോഷണം നടത്തിയതായി സംശയിക്കുന്ന നാല് വെള്ളക്കാരായ പുരുഷന്മാരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

ഉയര്‍ന്ന മൂല്യമുള്ള പുരാവസ്തുക്കള്‍ മോഷണം പോയതില്‍ ഡിറ്റക്ടീവുകള്‍ അന്വേഷണം തുടരുകയാണ്. മോഷ്ടാക്കളെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പ്രസ്താവനയില്‍ അറിയിച്ചു.

മോഷ്ടിക്കപ്പെട്ട വസ്തുക്കളില്‍ ആനക്കൊമ്പില്‍ നിര്‍മിച്ച ബുദ്ധപ്രതിമയും ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥന്റെ അരക്കെട്ട് ബക്കിളും ഉള്‍പ്പെടുന്നു. ഇവയില്‍ പല പുരാവസ്തുക്കളും സംഭാവന ചെയ്തതാണ്. ഇത് സാംസ്‌കാരികമായി വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു.

ഇതൊരു വലിയ നഷ്ടമാണെന്ന് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ ഡാന്‍ ബര്‍ഗന്‍ പറഞ്ഞു. മോഷ്ടിക്കപ്പെട്ട  വസ്തുക്കള്‍ ബ്രിട്ടീഷ് ചരിത്രത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്ന ഒരു ശേഖരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിസിടിവി പരിശോധന, ഫൊറന്‍സിക് പരിശോധന എന്നിവ അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ നടന്നിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മോഷ്ടാക്കളെ കണ്ടെത്തുന്നതിന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥ നടത്താന്‍ പൊലീസ് രണ്ട് മാസത്തിലധികം കാത്തിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമായിട്ടില്ല. മോഷ്ടാക്കളെന്ന് സംശയിക്കുന്നവരെ തിരിച്ചറിയാന്‍ കഴിയുന്നവരോ മോഷണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങളോ ഉള്ളവര്‍ മുന്നോട്ട് വരണമെന്ന് അധികാരികള്‍ അഭ്യര്‍ത്ഥിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/World/

ഇന്ത്യയിൽ നിന്ന് കടത്തിയതുള്‍പ്പെടെ 600ലധികം പുരാവസ്തുക്കള്‍ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്ന് മോഷണം പോയി