പുതുവത്സരാഘോഷത്തിനിടെ ആക്രമണം നടത്താന്‍ ശ്രമിച്ച ഐഎസ് ആരാധകനായ 18 കാരൻ അറസ്റ്റില്‍ 18-year-old ISIS fan arrested for attempting to carry out attack during New Years Eve in america | World
Last Updated:
പുതുവര്‍ഷം ആഘോഷിക്കാനെത്തിയവരെ കത്തി ഉപയോഗിച്ച് കുത്താനും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിക്കാനുമായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന് അധികൃതര്‍ പറയുന്നു
യുഎസിലെ നോര്‍ത്ത് കരോലിനയില്‍ പുതുവത്സരാഘോഷത്തിനിടെ ആക്രമണം നടത്താന്‍ ശ്രമിച്ച 18-കാരന്‍ അറസ്റ്റില്‍. തീവ്രവാദ സംഘടനയായ ഐഎസിനെ പിന്തുണയ്ക്കുന്ന ഇയാള്‍ നോര്‍ത്ത് കരോലിനയില്‍ ഒരു പലചരക്ക് കടയും ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റും ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടതായും ഈ ശ്രമം പരാജയപ്പെടുത്തിയതായും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറിയിച്ചു.
പുതുവര്‍ഷ സന്ധ്യ ആഘോഷിക്കാനെത്തിയവരെ കൂട്ടമായി കത്തി ഉപയോഗിച്ച് കുത്താനും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിക്കാനുമായിരുന്നു പ്രതിയുടെ ഉദ്ദേശമെന്നും അധികൃതര്‍ പറയുന്നു.
ഐഎസിനോട് ശക്തമായ ചായ്വുള്ളയാളാണ് പിടിയിലായ ക്രിസ്റ്റ്യന്‍ സ്റ്റര്‍ഡിവന്റ്. ഒരു വിദേശ ഭീകര സംഘടനയ്ക്ക് ഭൗതികമായ സഹായം നല്‍കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാള്‍ ഐഎസിനോട് വിശ്വസ്തത പ്രഖ്യാപിച്ചിരുന്നെന്നും തന്നെ പിന്തുണയ്ക്കുന്നതായി നടിച്ച ഒരു രഹസ്യ എഫ്ബിഐ ഉദ്യോഗസ്ഥനോട് ആക്രമണ പദ്ധതികളുടെ വിവരങ്ങള്‍ ഇയാള്‍ പങ്കുവെച്ചിരുന്നെന്നും പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.
കത്തികളും മൂര്‍ച്ചയുള്ള മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു സ്റ്റര്‍ഡിവന്റ് ആസൂത്രണം ചെയ്തിരുന്നതെന്ന് കോടതി രേഖകളും അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. ഇതിനെ കുറിച്ച് ഇയാള്‍ ചര്‍ച്ച ചെയ്തതായും ഓണ്‍ലൈന്‍ സംഭാഷണങ്ങളും അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയും ഇത് വ്യക്തമാക്കുന്നതായും അധികൃതര്‍ പറഞ്ഞു.
പുതുവത്സരാഘോഷത്തിന് മുമ്പ് ആക്രമണം നടത്തിയേക്കുമെന്ന് ഭയന്ന് ക്രിസ്മസിനുള്‍പ്പെടെ നിരവധി ദിവസങ്ങളായി എഫ്ബിഐ ഉദ്യോഗസ്ഥര്‍ പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് വെസ്റ്റേണ്‍ നോര്‍ത്ത് കരോലിന യുഎസ് അറ്റാര്‍ണി റസ്സ് ഫെര്‍ഗൂസന്‍ പറഞ്ഞു.
ബുധനാഴ്ച സ്റ്റര്‍ഡിവാന്റ് അറസ്റ്റിലായി. വെള്ളിയാഴ്ച ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയതിന് ശേഷവും കസ്റ്റഡിയില്‍ തുടര്‍ന്നു. സ്റ്റര്‍ഡിവാന്റിന്റെ ഫോണിലും വസതിയിലും നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ പദ്ധതികള്‍ വിവരിക്കുന്ന കൈയ്യെഴുത്ത് രേഖ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തിനിടെ പ്രതി മരിക്കാന്‍ തയ്യാറായിരുന്നുവെന്നും എഫ്ബിഐ സ്‌പെഷ്യല്‍ ഏജന്റ് ഇന്‍ ചാര്‍ജ് ജെയിംസ് ബാര്‍ണക്കിള്‍ പറഞ്ഞു.
ഇയാളുടെ വീട്ടിലെ ഒരു ചവറ്റുകുട്ടയില്‍ നിന്ന് കണ്ടെടുത്ത ഒരു കൈയ്യെഴുത്ത് കുറിപ്പില്‍ ഒരു കൂട്ടമായി ആളുകളെ കുത്തേല്‍പ്പിക്കാനുള്ള അയാളുടെ ഉദ്ദേശ്യം വ്യക്തമായി പ്രതിപാദിച്ചിരുന്നുവെന്നും എഫ്ബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു. കഴിയുന്നത്ര സാധാരണക്കാരെ കുത്തുക എന്നതാണ് ലക്ഷ്യമെന്ന് കുറിപ്പില്‍ പറഞ്ഞതായാണ് വിവരം. ഇരകളുടെ എണ്ണവും കണക്കാക്കിയിട്ടുണ്ട്. സിറിയയിലെ മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും വ്യോമാക്രമണങ്ങള്‍ക്കും പ്രതികാരമായാണ് ആസൂത്രിതമായ അക്രമം ആസൂത്രണം ചെയ്തതെന്ന് കുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഷാര്‍ലറ്റിന്റെ പ്രാന്തപ്രദേശമായ മിന്റ് ഹില്ലിലാണ് ആക്രമണം നടക്കേണ്ടിയിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഡാറ്റാബേസ് പരിശോധനയില്‍ സ്റ്റര്‍ഡിവന്റ് പ്രദേശത്തെ ഒരു ബര്‍ഗര്‍ കിംഗില്‍ ജോലി ചെയ്തിരുന്നതായി കണ്ടെത്തി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ സ്റ്റര്‍ഡിവന്റിന് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്തുകൊണ്ട് ഐഎസിനെ പിന്തുണയ്ക്കുന്ന ഉള്ളടക്കം പങ്കുവെച്ച ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ടുമായി സ്റ്റര്‍ഡിവാന്റിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞ മാസം അന്വേഷണം ആരംഭിച്ചതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. തീവ്രവാദ ഗ്രൂപ്പിന്റെ മുന്‍ നേതാവായ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കുറിച്ച് അക്കൗണ്ടിൽ പരാമര്‍ശിച്ചിരുന്നു.
2022 ജനുവരിയില്‍ യൂറോപ്പിലെ ഒരു ഐഎസ് ആരാധകനുമായി ആശയവിനിമയം നടത്തിയതിന് ശേഷം സ്റ്റര്‍ഡിവന്റിനെ നിരീക്ഷിച്ചിരുന്നുവെന്ന് എഫ്ബിഐ പറഞ്ഞു. ആ സമയത്ത് അദ്ദേഹം ഒരു ആക്രമണം നടത്താന്‍ ശ്രമിച്ചതായും പക്ഷേ ഒരു കുടുംബാംഗം അദ്ദേഹത്തെ തടഞ്ഞതായും ആരോപിക്കപ്പെടുന്നു. പിന്നീട് അദ്ദേഹം മാനസിക ചികിത്സയ്ക്ക് വിധേയനായി. ഇനി സോഷ്യല്‍ മീഡിയ ഉപയോഗിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ കരുതി. എന്നാല്‍ സ്റ്റര്‍ഡിവന്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായതായി ആഴ്ചകള്‍ക്ക് മുമ്പാണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
New Delhi,New Delhi,Delhi
