അടുത്തത്! മഡുറോയുടെ അറസ്റ്റിന് ശേഷം കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് മുന്നറിയിപ്പുമായി ട്രംപ് Trump warns Colombian President Gustavo Petro after Maduro’s arrest | World
Last Updated:
അമേരിക്കയുടെ നടപടി ലാറ്റിനമേരിക്കയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കൊളംബിയൻ പ്രസിഡന്റ് പെട്രോ അപലപിച്ചിരുന്നു
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ യുഎസ് സൈനിക നീക്കത്തിന് പിന്നാലെ, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അദ്ദേഹം കൊക്കെയ്ൻ നിർമ്മിക്കുന്നുണ്ടെന്നും അവ യുഎസിലേക്ക് അയക്കുന്നുണ്ടെന്നും, അതിനാൽ പെട്രോ കരുതിയിരിക്കണമെന്നും ട്രംപ് ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സമീപ മാസങ്ങളിൽ പെട്രോയുമായിപലതവണ ട്രംപ് വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ നടത്തിയ ഓപ്പറേഷനിൽ മഡുറോയെയും ഭാര്യയേയും പിടികൂടി രാജ്യത്തിന് പുറത്തെത്തിച്ച് ബന്ദിയാക്കിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.സൈനിക നീക്കത്തിന് പിന്നാലെ വെനസ്വേലയുടെ നിയന്ത്രണം താൽക്കാലികമായി അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയുടെ നടപടി ലാറ്റിനമേരിക്കയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇത് വലിയൊരു മാനുഷിക പ്രതിസന്ധിക്ക് കാരണമായേക്കാമെന്നും കൊളംബിയൻ പ്രസിഡന്റ് പെട്രോ അപലപിച്ചിരുന്നു. വെനസ്വേലയിൽ നിന്നുള്ള അഭയാർത്ഥികളുടെ വൻ പ്രവാഹം പ്രതീക്ഷിച്ചുകൊണ്ട് തന്റെ സർക്കാർ പുലർച്ചെ തന്നെ ഒരു ദേശീയ സുരക്ഷാ യോഗം ചേർന്നുവെന്നും കൊളംബിയ-വെനസ്വേല അതിർത്തിയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചുവെന്നും എക്സിലെ ഒരു പോസ്റ്റിൽ പെട്രോ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൌൺസിലിനോട് വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താനും അന്താരാഷ്ട്ര ഇടപെടൽ തേടാനും അദ്ദഹം അഭ്യർത്ഥിച്ചു.
യുഎസ് സൈനിക നടപടിയെക്കുറിച്ച് ചർച്ച ചെയ്യാൻ സുരക്ഷാ കൗൺസിൽ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 10 മണിക്ക് യോഗം ചേരും. വെനസ്വേല ആവശ്യപ്പെട്ടതനുസരിച്ച് കൊളംബിയയാണ് ഈ അടിയന്തര യോഗത്തിന് ശുപാർശ ചെയ്തതെന്ന് വൃത്തങ്ങൾ പറയുന്നു. ശനിയാഴ്ച നടന്ന ഓപ്പറേഷനെ വെനസ്വേലയുടെ സഖ്യകക്ഷിയായ റഷ്യയും അപലപിച്ചു. അമേരിക്കയുടെ നടപടി സായുധ ആക്രമണമാണെന്നും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കരുതെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി.
New Delhi,New Delhi,Delhi
അടുത്തത്! മഡുറോയുടെ അറസ്റ്റിന് ശേഷം കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
