ബംഗ്ലാദേശിൽ വീണ്ടും ക്രൂരത; ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മരത്തിൽ കെട്ടിയിട്ട് മുടിമുറിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു| Bangladesh Hindu Woman Gang-Raped Tied to Tree and Tonsured | World
Last Updated:
പരിക്കേറ്റ നിലയിൽ കണ്ട യുവതിയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ധാക്ക: ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ തുടരുന്നതിനിടെ 40 വയസുള്ള ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് റിപ്പോർട്ട്. മധ്യ ബംഗ്ലദേശിലെ കാളിഗഞ്ചിലാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇവരെ മരത്തിൽ കെട്ടിയിട്ട് മുടി മുറിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
രണ്ടര വർഷം മുൻപ് കാളിഗഞ്ച് മുനിസിപ്പാലിറ്റിയിലെ ഏഴാം വാർഡിൽ രണ്ട് ദശലക്ഷം ടാക്കയ്ക്ക് (14,77,398 രൂപ) യുവതി ഇരുനില വീടും ഭൂമിയും വാങ്ങിയിരുന്നു. ഷാഹിൻ എന്നയാളിൽനിന്നുമാണ് ഇതു വാങ്ങിയത്. എന്നാൽ ഈ ഇടപാടിനു ശേഷം ഷാഹിനും സഹോദരനും യുവതിയോടു മോശമായി പെരുമാറാൻ തുടങ്ങി.
കഴിഞ്ഞ ശനിയാഴ്ച ഷാഹിനും സുഹൃത്തും ചേർന്നു യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണം നൽകാൻ വിസമ്മതിച്ചപ്പോഴാണ് മരത്തിൽ കെട്ടിയിട്ടു മുടി മുറിച്ചു ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു. പരിക്കേറ്റ നിലയിൽ കണ്ട യുവതിയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈദ്യപരിശോധനയിൽ പീഡനത്തിന് ഇരയായതായി തെളിഞ്ഞു.
ആദ്യം പരാതിപ്പെടാൻ വിസമ്മതിച്ചെങ്കിലും പിന്നീട് യുവതി കാളിഗഞ്ച് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. അതേസമയം, ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്. അടുത്തിടെ ഖോകോൺ ചന്ദ്ര ദാസ് എന്ന വ്യാപാരിയെ അക്രമികൾ തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
New Delhi,New Delhi,Delhi
ബംഗ്ലാദേശിൽ വീണ്ടും ക്രൂരത; ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മരത്തിൽ കെട്ടിയിട്ട് മുടിമുറിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു
