Leading News Portal in Kerala

ഇറാനിലെ പരമോന്നത നേതാവിന്റെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ചു പുകവിടുന്ന സ്ത്രീകള്‍; ദൃശ്യം വൈറൽ | Women light cigarettes from the pics of Ayatollah Ali Khamenei | World


Last Updated:

ഇറാനില്‍ മുമ്പ് പരമോന്നത നേതാവിന്റെ ചിത്രങ്ങള്‍ കത്തിച്ചത് നിയമപരമായ നടപടികളിലേക്ക് നയിച്ചിരുന്നു

Pic: X
Pic: X

ഇറാനില്‍ സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ ഒരു പ്രതിഷേധം കൂടി ശ്രദ്ധനേടുകയാണ്. ഇറാനിയന്‍ സ്ത്രീകളുടെ പ്രതിഷേധ രീതിയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ (Ayatollah Ali Khamenei) ചിത്രങ്ങള്‍ കത്തിക്കുകയും ആ തീയില്‍ നിന്ന് സിഗരറ്റ് കൊളുത്തി വലിച്ച് പുക വിടുകയും ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഇറാനില്‍ മുമ്പ് പരമോന്നത നേതാവിന്റെ ചിത്രങ്ങള്‍ കത്തിച്ചത് നിയമപരമായ നടപടികളിലേക്ക് നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഖമേനിയുടെ ചിത്രം കത്തിക്കുന്ന വീഡിയോ പങ്കിട്ടതിനെ തുടര്‍ന്ന് ഇറാനിയന്‍ സുരക്ഷാ സേന ഒരു ആക്ടിവിസ്റ്റിന്റെ വസതി റെയ്ഡ് ചെയ്തിരുന്നു. ഇതോടെ ഇയാള്‍ ഒളിവില്‍ പോയതായി ഇറാന്‍ വൈര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ നിയമം അനുസരിച്ച് പരമോന്നത നേതാവിന്റെ ചിത്രങ്ങള്‍ കത്തിക്കുന്നത് ഗുരുതരമായ കുറ്റമാണ്. മാത്രമല്ല സ്ത്രീകള്‍ പുകവലിക്കുന്നത് വളരെക്കാലമായി നിരോധിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത് അറിഞ്ഞിട്ടും ശിക്ഷാ നടപടികളെ ഭയക്കാതെയാണ് ഇറാനിലെ സ്ത്രീകള്‍ ശക്തമായ പ്രതിഷേധത്തിലേക്ക് മുന്നിട്ടിറങ്ങിയത്. വിലക്ക് കല്പിച്ച രണ്ട് പ്രവൃത്തികളും അവര്‍ ഒരുമിച്ച് ചെയ്തുകൊണ്ട് ഇറാന്‍ ഭരണകൂടത്തെ ശക്തമായി വെല്ലുവിളിച്ചു.

രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് നിയമങ്ങളോടുള്ള കടുത്ത എതിര്‍പ്പും പരസ്യമായ വെല്ലുവിളിയുമാണിത്. ഭരണകൂടത്തിനും കര്‍ശനമായ സാമൂഹിക നിയന്ത്രണങ്ങള്‍ക്കുമെതിരെയുള്ള കടുത്ത വെറുപ്പും പ്രതിഷേധവുമാണ് ഇത് എടുത്തുകാണിക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇറാനിലെ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. യുഎസ് ഡോളറിനെതിരെ ഇറാനിയന്‍ റിയാലിന്റെ മൂല്യം ഏകദേശം 1.4 മില്യണ്‍ ആയി കുറഞ്ഞു. റിയാലിന്റെ മൂല്യത്തകര്‍ച്ച പണപ്പെരുപ്പം 50 ശതമാനത്തിലധികം ഉയരാന്‍ കാരണമായി. ഭക്ഷ്യവസ്തുക്കളുടെ വില വാര്‍ഷികാടിസ്ഥാനത്തില്‍ 70 ശതമാനത്തിലധികം വര്‍ദ്ധിച്ചു. ഇതെല്ലാം കറന്‍സി മൂല്യം കുറയാനിടയാക്കി. ഇതോടെയാണ് രാജ്യമെങ്ങും പ്രതിഷേധം ആരംഭിച്ചത്.

പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന വെടിയുതിര്‍ത്തതായും 62ഓളം പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പ്രധാന നഗരമായ സഹെദാനില്‍ സുരക്ഷാ സേന പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും നിരവധി പേര്‍ക്ക് അപായമുണ്ടായതായും റിപ്പോർട്ടുണ്ട്.

2022-23-ലെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ശേഷം ഇറാന്‍ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്. ഭരണകൂടത്തിന് ഇഷ്ടപ്പെടുന്ന രീതിയില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മഹ്‌സ അമീനിയെ തടവിലാക്കുകയും തുടര്‍ന്നുള്ള കസ്റ്റഡി മരണവുമാണ് അന്ന് പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്.