ഓസ്ട്രേലിയ ഇന്ത്യൻ വിദ്യാര്‍ത്ഥി വിസ അപേക്ഷകരെ ‘ഉയര്‍ന്ന റിസ്ക്’ വിഭാഗത്തില്‍ ആക്കി|Australia Reclassifies Indian Student Visa Applicants as High Risk Category | World
Last Updated:
അപേക്ഷകളുടെ പ്രോസസിംഗ് സമയം മൂന്ന് മുതല്‍ എട്ട് ആഴ്ച വരെ നീണ്ടുനില്‍ക്കും
ഓസ്ട്രേലിയയില്‍ ഉപരിപഠനം നടത്താന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇനി കുറച്ച് കഷ്ടപ്പെടേണ്ടി വരും. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ പരിശോധനകള്‍ ഓസ്ട്രേലിയ കൂടുതല്‍ കര്‍ശനമാക്കി. നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന് എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയെയും റിസ്ക് കൂടുതലുള്ള വിഭാഗത്തിൽ ഉള്‍പ്പെടുത്തി. ജനുവരി എട്ട് മുതല്‍ പുതിയ വര്‍ഗ്ഗീകരണം പ്രാബല്യത്തില്‍ വന്നു. പുതിയ വിസ ചട്ടങ്ങള്‍ പ്രകാരം എവിഡന്‍സ് ലെവല്‍ -2 ല്‍ നിന്ന് ഈ രാജ്യങ്ങളെ ഉയര്‍ന്ന റിസ്ക് കണക്കാക്കുന്ന എവിഡന്‍സ് ലെവല്‍ 3യിലേക്ക് മാറ്റി.
അതായത് വിസ ലഭിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതായി വരും. മാത്രമല്ല കൂടുതല്‍ പരിശോധനകൾക്കും വിധേയരാകേണ്ടി വരും. വ്യാജ അപേക്ഷകര്‍ കാരണമുള്ള അപകടസാധ്യതകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്ന് ഓസ്ട്രേലിയന്‍ ഭരണകൂടം അറിയിച്ചു.
ഇത്തരം പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഈ മാറ്റം സഹായിക്കുമെന്നും ഓസ്ട്രേലിയയില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം തേടുന്ന യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുമെന്നും ഓസ്ട്രേലിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.
“ഓസ്ട്രേലിയയില്‍ പഠിക്കുമ്പോള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പോസിറ്റീവ് പഠനാനുഭവം ഉണ്ടായിരിക്കണമെന്നും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണമെന്നുമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ഏറ്റവും മികച്ച വിദ്യാഭ്യാസത്തില്‍ നിക്ഷേപിക്കുന്നുവെന്ന് ആത്മവിശ്വാസം നല്‍കുന്നതിന് ഓസ്ട്രേലിയയുടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സംവിധാനത്തിലും സ്റ്റുഡന്റ് വിസ പ്രോഗ്രാമിലും ശരിയായ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്,” സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
പുതിയ ക്രമീകരണങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിക്കപ്പെടും. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതായും വരും. കൂടാതെ വിദ്യാര്‍ത്ഥികളുടെ പശ്ചാത്തല പരിശോധനകളും കര്‍ശനമായിരിക്കും. ബാങ്ക് സ്റ്റേറ്റ്മെന്റ് മാനുവലി പരിശോധിച്ച് ആധികാരികത ഉറപ്പാക്കുകയും ചെയ്യും. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള കൂടുതല്‍ രേഖകളും സമര്‍പ്പിക്കേണ്ടി വരും. ഉദ്യോഗസ്ഥര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും റഫറീസിനെയും വിളിക്കാനും അധികാരം ഉണ്ടാകും.
അപേക്ഷകളുടെ പ്രോസസിംഗ് സമയം മൂന്ന് മുതല്‍ എട്ട് ആഴ്ച വരെ നീണ്ടുനില്‍ക്കും. ഇന്ത്യയെ റിസ്ക് കൂടുതലുള്ള വിഭാഗത്തിലേക്ക് ഉള്‍പ്പെടുത്തിയതിന് പ്രത്യേകമായ കാരണങ്ങളൊന്നും ഓസ്ട്രേലിയന്‍ ഭരണകൂടം പരാമര്‍ശിച്ചിട്ടില്ല. ഇന്ത്യയില്‍ നിന്നും വ്യാജ ബിരുദ തട്ടിപ്പുകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് ഈ നീക്കം. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.
ഓസ്ട്രേലിയന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന 6,50,000 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ ഏകദേശം 1,40,000 പേര് ഇന്ത്യയില്‍ നിന്നാണ്. 2025-ല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ മൂന്നിലൊന്നും ഉയര്‍ന്ന അപകടസാധ്യതയില്‍ ഉള്‍പ്പെടുത്തിയ നാല് രാജ്യങ്ങളില്‍ നിന്നാണ്.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് നാല് വലിയ ലക്ഷ്യകേന്ദ്രങ്ങളില്‍ ഇപ്പോഴുള്ള ഏക ഓപ്ഷനാണ് ഓസ്ട്രേലിയ. യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ വാതിലുകള്‍ അടയ്ക്കുമ്പോള്‍ ഏക മാര്‍ഗ്ഗം ഓസ്ട്രേലിയ മാത്രമായിരുന്നു. മറ്റ് രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ സാധിക്കാതെ വന്നതോടെ ഓസ്ട്രേലിയയിലേക്കുള്ള അപേക്ഷകരുടെ എണ്ണം കൂടിയതായും വിദഗ്ദ്ധര്‍ പറയുന്നു.
മാത്രമല്ല പല കേസുകളിലും വാജ്യ രേഖകള്‍ ഉള്‍പ്പെട്ടതായും കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍ അസോസിയേഷന് ഓഫ് ഓസ്ട്രേലിയ മേധാവി ഫില്‍ ഹണിവുഡ് പറഞ്ഞു. ഈ രാജ്യങ്ങളില്‍ പലതിനെയും ഉയര്‍ന്ന റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിലൂടെ വിസ അപേക്ഷകരുടെ സൂക്ഷ്മമായ പരിശോധന ഉറപ്പാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
New Delhi,New Delhi,Delhi
Jan 12, 2026 12:14 PM IST
