ഇന്ധനമില്ലാതെ 25 വര്‍ഷം! യുഎസ് നാവികസേനയുടെ ഒരു ലക്ഷം ടണ്‍ ഭാരമുള്ള ഫോര്‍ഡ് ക്ലാസ് വിമാനവാഹിനിക്കപ്പല്‍|US Navy’s Nuclear Giant The 100000-Tonne Ford-Class Carrier That Sails for Decades Without Fuel | World
റഡാര്‍, ഉപഗ്രഹ നിരീക്ഷണം എന്നിവയിലൂടെ എതിരാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഫോര്‍ഡ് ക്ലാസ്, നിലവില്‍ സേവനത്തിലുള്ള സാങ്കേതികമായി ഏറ്റവും മുന്‍പന്തിയിലുള്ള വിമാനവാഹിനിക്കപ്പലുകളില്‍ ഒന്നായാണ് കണക്കാക്കുന്നത്.
ഫോര്‍ഡ് ക്ലാസിനെ വ്യത്യസ്തമാക്കുന്ന നിരവധി പ്രത്യേകതകളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അതിന്റെ പ്രവര്‍ത്തനക്ഷമത. ഇന്ധനം നിറയ്ക്കാതെ 20-25 വര്‍ഷം വരെ ഇതിന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ എറ്റവും വലിയ പ്രത്യേകത.
ഇലക്ട്രോ മാഗ്നെറ്റിക് എയര്‍ക്രാഫ്റ്റ് വിക്ഷേപണ സംവിധാനം (ഇഎംഎഎല്‍എസ്) ആണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. പരമ്പരാഗതമായി വിമാനം പറത്താന്‍ ഉപയോഗിക്കുന്ന സംവിധാനത്തിന് പകരം കാന്തിക ഊര്‍ജ്ജം ഉഫയോഗിച്ചാണ് വിക്ഷേപണം സാധ്യമാക്കുന്നത്. ഇത് യുദ്ധവിമാനങ്ങള്‍ സുഗമമായി വിക്ഷേപിക്കുന്നതിനും എയര്‍ഫ്രെയിമുകളിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
പ്രതിദിനം 75 ഓളം വിമാനങ്ങളെ ഉള്‍കൊള്ളാനുള്ള ശേഷി ഇതിനുണ്ട്. യുഎസിന്റെ തന്നെ നിമിറ്റ്‌സ് ക്ലാസ് വിമാനവാഹിനിക്കപ്പലുകളെ അപേക്ഷിച്ച് വളരെ കുറച്ച് (700-1000) ജീവനക്കാരുമായി ഇതിന് പ്രവര്‍ത്തിക്കാന്‍ കഴിയും. ഇത് പ്രവര്‍ത്തന ചെലവ് ഗണ്യമായി കുറയ്ക്കുന്നു.
രണ്ട് ആണവ റിയാക്ടറുകളെ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തന ശേഷി. ഇത് പരിധിയില്ലാത്ത പ്രവര്‍ത്തന ശേഷി വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇന്ധനം നിറയ്ക്കാതെ 20-25 വര്‍ഷം വരെ സഞ്ചരിക്കാനാകുന്ന തരത്തിലാണ് കപ്പല്‍ രൂപകല്പന ചെയ്തിട്ടുള്ളത്. ദീര്‍ഘദൂരത്തുള്ള വിമാനങ്ങളെയും മിസൈലുകളെയും കണ്ടെത്താനും ട്രാക്ക് ചെയ്യാനും സാധിക്കുന്ന നൂതന റഡാര്‍ സംവിധാനവും ഇതിലുണ്ട്.
ലോകത്ത് ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ചെലവേറിയ യുദ്ധക്കപ്പലാണ് യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് (സിവിഎന്‍-78). ഏകദേശം 13.3 ബില്യണ്‍ ഡോളറാണ് നിര്‍മ്മാണ ചെലവ് കണക്കാക്കുന്നത്. ഗവേഷണങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇതിനുപുറമെ അഞ്ച് ബില്യണ്‍ ഡോളര്‍ കൂടി ചെലവഴിച്ചിട്ടുണ്ട്. കപ്പല്‍ നിര്‍മ്മാണം ആരംഭിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ ഏതാണ്ട് 12 വര്‍ഷമെടുത്തു.
നിലവില്‍ യുഎസിന് മാത്രമേ ഫോര്‍ഡ് ക്ലാസ് വിമാനവാഹിനിക്കപ്പലുകള്‍ ഉള്ളൂ. ഈ ക്ലാസിന് കീഴില്‍ 10 കപ്പലുകള്‍ നിര്‍മ്മിക്കാന്‍ യുഎസ് നാവികസേന പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.
ദക്ഷിണ ചൈനാ കടലിലും തായ്‌വാന്‍ കടലിടുക്കിലും വര്‍ദ്ധിച്ചുവരുന്ന ചൈനയുടെ നാവിക സാന്നിധ്യത്തെ ചെറുക്കുന്നതില്‍ ഈ വിമാനവാഹിനിക്കപ്പല്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.
വ്യോമ പ്രതിരോധം, മിസൈല്‍ പ്രതിരോധം, അണ്ടര്‍സീ വാര്‍ഫെയര്‍ ശേഷി എന്നിവ വാഗ്ദാനം ചെയ്യുന്ന ഡിസ്‌ട്രോയറുകള്‍, ക്രൂയിസറുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയുടെ പൂര്‍ണ്ണ ആക്രമണ ഗ്രൂപ്പായി ഒരു ഫോര്‍ഡ് ക്ലാസ് പ്രവര്‍ത്തിക്കുന്നു.
ചെലവ് വളരെ കൂടുതല്‍ ആണെങ്കിലും അടുത്ത ദശകത്തലും യുഎസ് നാവികസേനയുടെ പ്രതിരോധ നട്ടെല്ലായി ഫോര്‍ഡ് ക്ലാസ് തുടരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒരു കപ്പലും പൂര്‍ണ്ണമായും തകര്‍ക്കാനാകില്ലെന്ന് വാദിക്കാനാകില്ലെങ്കിലും ആധൂനിക മിസൈല്‍ ഭീഷണികളെ നേരിടുന്നതിനുള്ള സര്‍വ്വസന്നാഹങ്ങളോടെയാണ് ഫോര്‍ഡ് ക്ലാസ് ഒരുക്കിയിട്ടുള്ളത്. തന്ത്രപ്രധാനമായ മേഖലകളില്‍ ഇത് അമേരിക്കന്‍ നാവിക ശക്തിയുടെ എതിരില്ലാത്ത പോരാളിയായി വര്‍ത്തിക്കുന്നു.
New Delhi,New Delhi,Delhi
ഇന്ധനമില്ലാതെ 25 വര്‍ഷം! യുഎസ് നാവികസേനയുടെ ഒരു ലക്ഷം ടണ്‍ ഭാരമുള്ള ഫോര്‍ഡ് ക്ലാസ് വിമാനവാഹിനിക്കപ്പല്‍