Leading News Portal in Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മെലോണി വരെ; ട്രംപിന്റെ ഗാസയിലെ ‘ബോഡ് ഓഫ് പീസി’ല്‍ പങ്കുചേരാന്‍ ആർക്കൊക്കെ ക്ഷണം? From Prime Minister Narendra Modi to Meloni Who has been invited to join Trumps Board of Peace in Gaza | World


Last Updated:

യു.എസിന്റെ പിന്തുണയോടെ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

News18
News18

ഇസ്രയേലും ഹമാസും തമ്മില്‍ രണ്ടുവര്‍ഷം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം ഗാസയെ സൈനികവത്കരിക്കാനും പുനര്‍നിര്‍മിക്കാനും യു.എസിന്റെ പിന്തുണയോടെ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ  ഭാഗമായി ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കള്‍, നയതന്ത്രജ്ഞര്‍, വ്യവസായികൾ എന്നിവരെ ഒരു പുതിയ ‘സമാധാന ബോര്‍ഡില്‍'(Board of peace) അംഗങ്ങളാകുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ക്ഷണിച്ചു.

ഡൊണാള്‍ഡ് ട്രംപ് അധ്യക്ഷനായ പ്രധാന സമാധാന ബോര്‍ഡ്, ഗാസയില്‍ ദൈനംദിന ഭരണം നടത്തുന്നതിനുള്ള ഒരു ഫലസ്തീന്‍ ടെക്‌നോക്രാറ്റിക് കമ്മിറ്റി, ഉപദേശവും പിന്തുണയും നല്‍കുന്നതിനുള്ള ഒരു ഗാസ എക്‌സിക്യുട്ടിവ് ബോര്‍ഡ് എന്നിങ്ങനെ മൂന്ന് അനുബന്ധ സ്ഥാപനങ്ങളാണ് ഈ സംരംഭത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഭരണശേഷി വര്‍ധിപ്പിക്കല്‍, പ്രാദേശിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍, പുനര്‍നിര്‍മാണം, നിക്ഷേപം, വലിയ തോതിലുള്ള ധനസഹായം എന്നിവയിലാണ് ‘ബോര്‍ഡ് ഓഫ് പീസ്’ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ബോര്‍ഡ് ഓഫ് പീസിലെ അംഗങ്ങള്‍

  • യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്(അധ്യക്ഷന്‍)
  • യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
  • ട്രംപിന്റെ ചര്‍ച്ചകൾക്ക് നേതൃത്വം കൊടുക്കുന്ന സ്റ്റീവ് വിറ്റ്‌കോഫ്
  • ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍
  • യു.കെയിലെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍
  • യുഎസ് കോടീശ്വരന്‍ ധനകാര്യ വിദഗ്ദ്ധന്‍ മാര്‍ക്ക് റോവന്‍
  • ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ
  • ദേശീയ സുരക്ഷാ കൗണ്‍സിലിലെ ട്രംപിന്റെ സഹായി റോബര്‍ട്ട് ഗബ്രിയേല്‍
ഗാസ ഭരണനിര്‍വ്വഹണവും എക്‌സിക്യൂട്ടീവ് ബോര്‍ഡുകളും

ഗാസയുടെ ഭരണത്തിനായുള്ള ഒരു ദേശീയ സമിതി പൊതു സേവനങ്ങളുടെയും സിവില്‍ സ്ഥാപനങ്ങളുടെയും മേല്‍നോട്ടം വഹിക്കും. പലസ്തീന്‍ മുന്‍ അതോറിറ്റി ഡെപ്യൂട്ടി മന്ത്രി അലി ഷാത്ത് ആയിരിക്കും ഇതിന്റെ തലവന്‍.

ഭരണത്തെയും സേവന വിതരണത്തെയും പിന്തുണയ്ക്കുന്നതിനായി ഉദ്ദേശിച്ചിട്ടുള്ള ഗാസ എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ ഇവര്‍ ഉള്‍പ്പെടുന്നു:

  • സ്റ്റീവ് വിറ്റ്‌കോഫ്
  • ജാരെഡ് കുഷ്‌നര്‍
  • ടോണി ബ്ലെയര്‍
  • മാര്‍ക്ക് റോവന്‍
  • നിക്കോളേ മ്ലാഡെനോവ്, ബള്‍ഗേറിയന്‍ നയതന്ത്രജ്ഞന്‍
  • സിഗ്രിഡ് കാഗ്, ഗാസയ്ക്കുള്ള യുഎന്‍ മാനുഷിക കോര്‍ഡിനേറ്റര്‍
  • തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍
  • അലി അല്‍-തവാദി, ഖത്തരി നയതന്ത്രജ്ഞന്‍
  • ജനറല്‍ ഹസ്സന്‍ റഷാദ്, ഈജിപ്തിന്റെ ഇന്റലിജന്‍സ് മേധാവി
  • റീം അല്‍-ഹാഷിമി, യുഎഇ മന്ത്രി
  • യാക്കിര്‍ ഗബായ്, ഇസ്രായേലി കോടീശ്വരന്‍
പ്രധാനമന്ത്രി മോദിക്കും ക്ഷണം

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഈ സംരംഭത്തിന്റെ ഭാഗമാകാന്‍ യു.എസ്. ഭരണകൂടം ക്ഷണിച്ചിട്ടുണ്ട്. ”ഗാസയില്‍ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള സമാധാന ബോര്‍ഡില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിഒടിയുഎസ് ക്ഷണം കൈമാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഗാസയില്‍ സ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിന് ഫലപ്രദമായ ഭരണത്തെ ബോര്‍ഡ് പിന്തുണയ്ക്കും,” ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ സെര്‍ജിയോ ഗോര്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

ക്ഷണം ലഭിച്ച മറ്റ് നേതാക്കള്‍

അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡ്ഡി രാമ, അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലേ, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, കാനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി എന്നിവരുള്‍പ്പെടെ നിരവധി ലോക നേതാക്കളെ ഈ ശ്രമത്തില്‍ പങ്കു ചേരാന്‍ ക്ഷണിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/World/

പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മെലോണി വരെ; ട്രംപിന്റെ ഗാസയിലെ ‘ബോഡ് ഓഫ് പീസി’ല്‍ പങ്കുചേരാന്‍ ആർക്കൊക്കെ ക്ഷണം?