‘ജമ്മു കശ്മീരിന്റെ ബജറ്റ് പാകിസ്ഥാന്റെ IMF സഹായധനത്തിന്റെ ഇരട്ടി’: പരിഹാസവുമായി ഇന്ത്യ Jammu and Kashmirs budget Twice Than Pakistans IMF Bailout says india at UNHRC | ലോക വാർത്ത
Last Updated:
ജമ്മു കശ്മീർ ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണെന്നും അത് എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ സമ്മേളനത്തിൽ ഇന്ത്യ പറഞ്ഞു
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ (UNHRC) 61-ാം സമ്മേളനത്തിൽ പാകിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ . ജമ്മു കശ്മീരിലെ വികസനം പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധികളുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ മുന്നിലാണെന്ന് ഇന്ത്യ വ്യക്തമാക്കി. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ വികസന ബജറ്റ് പാകിസ്ഥാൻ അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്ന് ആവശ്യപ്പെട്ട ഏറ്റവും പുതിയ സഹായ പാക്കേജിന്റെ ഇരട്ടിയിലധികമാണെന്ന് ഫെബ്രുവരി 25-ന് നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കവെ ഇന്ത്യ ചൂണ്ടിക്കാട്ടി.
പാകിസ്ഥാനും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷനും (OIC) ഉന്നയിച്ച ആരോപണങ്ങളെ ഇന്ത്യ തള്ളി. ഇന്ത്യയെ പ്രതിനിധീകരിച്ച് അനുപമ സിംഗാണ് സമ്മേളനത്തിൽ സംസാരിച്ചത്. ഒരു പ്രത്യേക അംഗരാജ്യത്തിന് വേണ്ടി മാത്രം ശബ്ദമുയർത്തുന്ന വേദിയായി ഒഐസി മാറിയെന്ന് അവർ കുറ്റപ്പെടുത്തി. ഈ ആരോപണങ്ങളെ തങ്ങൾ പൂർണ്ണമായും നിരസിക്കുന്നുവെന്നും പാകിസ്ഥാന്റെ നിരന്തരമായ പ്രചരണങ്ങളിൽ ഇപ്പോൾ അസൂയയുടെ ഗന്ധമാണ് വരുന്നത് എന്നും അവർ കൂട്ടിച്ചേർത്തു. ഫെബ്രുവരി 23ന് ആരംഭിച്ച സമ്മേളനം മാർച്ച് 31 വരെ നീണ്ടുനിൽക്കും.
ജമ്മു കശ്മീർ ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണെന്നും അത് എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും സിംഗ് ആവർത്തിച്ചു. 1947-ലെ ലയനം ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പ്രകാരവും അന്താരാഷ്ട്ര നിയമപ്രകാരവും തികച്ചും നിയമപരവും അലംഘനീയവുമാണെന്ന് അവർ പറഞ്ഞു. പാകിസ്ഥാൻ ഇന്ത്യൻ ഭൂപ്രദേശങ്ങൾ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്നത് മാത്രമാണ് ഇനി അവശേഷിക്കുന്ന ഏക പ്രശ്നമെന്നും ആ പ്രദേശങ്ങളിൽ നിന്ന് പാകിസ്ഥാൻ ഒഴിഞ്ഞുപോകണമെന്നും അവർ ആവശ്യപ്പെട്ടു.
മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് പരാമർശിക്കവെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് സിംഗ് ഓർമ്മിപ്പിച്ചു. ചെനാബ് റെയിൽവേ പാലം വ്യാജമാണെന്നാണ് പാകിസ്ഥാൻ കരുതുന്നതെങ്കിൽ അവർ സ്വപ്നലോകത്തോ (La-la-land) അതോ മിഥ്യാധാരണയിലോ ആയിരിക്കണം ജീവിക്കുന്നത് എന്ന് അവർ പരിഹസിച്ചു.
ജനാധിപത്യ പ്രക്രിയകളെക്കുറിച്ചുള്ള പാകിസ്ഥാന്റെ വിമർശനങ്ങളെയും അവർ തള്ളിക്കളഞ്ഞു. സിവിൽ സർക്കാരുകൾ കാലാവധി തികയ്ക്കാത്ത ഒരു രാജ്യത്ത് നിന്ന് ജനാധിപത്യത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നത് കേൾക്കാൻ പ്രയാസമാണെന്ന് അവർ പറഞ്ഞു. പാകിസ്ഥാൻ സർക്കാർ സ്പോൺസർ ചെയ്യുന്ന ഭീകരവാദം തുടരുകയാണെന്നും എന്നാൽ ജമ്മു കശ്മീർ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും സിംഗ് വ്യക്തമാക്കി. പാകിസ്ഥാന്റെ ഈ കാപട്യം ലോകത്തിന് വ്യക്തമായി മനസ്സിലാകുമെന്നും അവർ കൂട്ടിച്ചേർത്തു.
New Delhi,Delhi
